special page

വിഭാഗീയതകള്‍ വെടിഞ്ഞ് അവര്‍ ഒന്നിച്ചു; ജിഷ്ണുവിന്റെ നീതിക്കായി പോരാടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി ജോയ് മാത്യു

കൊച്ചി: നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ആവശ്യപ്പെട്ട് നടന്‍ ജോയ് മാത്യു. ജിഷ്ണുവിന്റെ നീതിക്കായി പോരാടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനുള്ള ഐക്യദാര്‍ഢ്യവും ജോയ് മാത്യു ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഇനിയും കുട്ടികള്‍ ആത്മഹത്യ ചെയ്തു കൂടായെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡന കേന്ദ്രങ്ങളായിക്കൂടായെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജിഷ്ണുവിന്റെ ആത്മഹത്യക്ക് കാരണമായവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നൂവെന്ന് സൂചിപ്പിച്ച ജോയ് മാത്യു, വിഭാഗീയതകള്‍ വെടിഞ്ഞ് സന്തം സഹപാഠിയുടെ ദുരന്തത്തിനെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായെന്ന് കുറിച്ചു. ജിഷ്ണുവിന്റെ നീതിക്കായി നിലകൊള്ളുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന് നീതി ഉറപ്പു വരുത്തുന്നതിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ ക്യാംപയിന്‍ ഇന്നലെ ആരംഭിച്ചിരുന്നു. സംവിധായകന്‍ ആഷിഖ് അബു ഈ പെറ്റിഷന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ പരാതിയുടെ ലിങ്ക് തുറന്ന ശേഷം പേര്, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പെറ്റിഷനില്‍ ഒപ്പിടാന്‍ കഴിയും.

വെള്ളിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ബാത്ത് റൂമിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതി എന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകര്‍ ശാസിച്ചെന്നും മാനേജ്‌മെന്റിന്റെ മാനസികമായ പീഡനമാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തില്‍ ഇന്നലെ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേ സമയം പരീക്ഷയില്‍ നോക്കിയെഴുതിയതിന് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്‌തെതെന്നും , ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top