special page

ചുവന്ന മുണ്ടുടുത്തതിനല്ല, അനാശാസ്യത്തിന് വന്നപ്പോളാണ് യുവാക്കളെ നാട്ടുകാർ പിടികൂടിയതെന്ന് ബിജെപി; ചുവപ്പുടുക്കണോ കാവിയുടുക്കണോ എന്നത് വ്യക്തിസ്വാതന്ത്ര്യം

കാസർഗോഡ്: ചുവന്നമുണ്ടുടുത്തതിന് ചെറുപ്പക്കാരെ അക്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ബിജെപി രംഗത്ത്. കാസർഗോഡ് പറക്കളായിയിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഈ സംഭവവുമായി ബിജെപിക്കോ ആർ എസ്എസിനോ ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ‌ശ്രീകാന്ത് റിപ്പോർട്ടറോട് പറഞ്ഞു. ഈ സംഭവത്തിൽ അകാരണമായി ബിജെപിയെ പഴിചാരാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.
ചിലയാളുകൾ ഹീറോയാകാൻ വേണ്ടി ഒരുക്കിയ തിരക്കഥ വിശ്വസിച്ചാണ് സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയിരിക്കുന്നത്. തെയ്യം കാണാനാണ് രാത്രിയിൽ അവിടെ എത്തിയതെന്നാണ് ചെറുപ്പക്കാർ ആരോപിച്ചത്. എന്നാൽ ആ നാട്ടിൽ അന്ന് അങ്ങനെ ഒരു തെയ്യമേ ഉണ്ടായിരുന്നില്ലെന്നും ശ്രീകാന്ത് അവകാശപ്പെടുന്നു. നിഷ്കളങ്കമായി നല്ല ഉദ്ദേശത്തോടുകൂടിയാണ് അവരവിടെ എത്തിയത് എന്നും വിശ്വസിക്കുന്നില്ല. അന്വേഷിച്ച് അറിഞ്ഞിടത്തോളം അനാശാസ്യവുമായി ബന്ധപ്പെട്ട് എത്തിയയാളുകളെ നാട്ടുകാർ ചോദ്യംചെയ്തതാണ് സംഭവം. അനുവദിക്കാൻ കഴിയാത്ത കാര്യങ്ങളെ ചോദ്യം ചെയ്തവരെ കുടുക്കാനുള്ള കുബുദ്ധിയാണ് ഈ വിവാദത്തിന് പിന്നിൽ. അറിഞ്ഞോ അറിയാതെയോ സിപിഐഎം ഇതിൽ പെട്ടുപോയി. കാളപെറ്റുവെന്ന് കേൾക്കുമ്പോളേ കയറെടുക്കുന്ന ഈ സമീപനം സംസ്ഥാനം ഭരിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ലെന്നും ശ്രീകാന്ത് റിപ്പോർട്ടറോട് പറഞ്ഞു.
ആളുകൾ വിവിധ നിറത്തിലുള്ള മുണ്ട് ധരിക്കാറുണ്ട്. ചുവന്ന മുണ്ടോ കാവിമുണ്ടോ ധരിക്കുന്നത് ഓരോ ആളുകളുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. അതിൽ അഭിപ്രായം പറയാൻ ബിജെപി ആളല്ല, അഭിപ്രായം പറഞ്ഞിട്ടുമില്ല. ഇതാണ് ഇക്കാര്യത്തിലെ ബിജെപി നിലപാടെന്നും ശ്രീകാന്ത് വ്യക്തമാക്കി. കോട്ടപ്പാറയിൽ ചെഗുവര ഹെൽമറ്റ് വച്ചയാളെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവവും ഇത്തരത്തിൽ തന്നെ ഒരുക്കിയ തിരക്കഥയാണ്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് നാട്ടിൽ കലാപമുണ്ടാക്കാൻ ചിലർ നടത്തുന്ന ശ്രമത്തെ സിപിഐഎം പ്രോത്സാഹിപ്പിക്കരുതെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഇനിയെങ്കിലും ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ യാഥാർത്ഥ്യം അന്വേഷിച്ച് മാത്രം സിപിഐഎം ഇടപെടണം. ചുവന്ന മുണ്ട് വിഷയത്തിലെ‌ സിപിഐഎം സമരങ്ങൾക്കെതിരെയും രൂക്ഷമായ ആരോപണമാണ് ശ്രീകാന്ത് നടത്തിയത്. മുണ്ടുകമ്പനികളുടെ പരസ്യത്തിന് വേണ്ടിയാണ് ചുവന്ന മുണ്ടുടുത്തുള്ള സമരം സിപിഐഎം സംഘടിപ്പിക്കുന്നത്. ഇതിൽ സിപിഐഎം നേതാക്കൾ മുണ്ടുകമ്പനികളിൽ നിന്ന് കമ്മീഷൻ പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആരോപിച്ചു.
കഴിഞ്ഞയാഴ്ചയാണ് കാഞ്ഞങ്ങാട് പറക്കളായിയിൽ, സിനിമാപ്രവർത്തകരായ യുവാക്കൾ ആക്രമിക്കപ്പെട്ടത്. ചുവന്ന മുണ്ടുടുത്തതിനാൽ തങ്ങളെ ആർ എസ്എസ്‌ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് മർദനമേറ്റവർ ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തിയും ഭീഷണി തുടർന്നുവെന്നും ഇതിനാൽ കാസർഗോഡ് ജില്ല വിടേണ്ടിവന്നുവെന്നുമായിരുന്നു ഇവരുടെ വാദം. കണ്ണൂർ എകെജി ആശുപത്രിയിലായിരുന്നു ഇവർ ചികിത്സ‌ തേടിയത്.

 സിപിഐഎം വിഷയം രാഷ്ട്രീയ മുദ്രാവാക്യമാക്കി ഇതിനകം ഏറ്റടുത്തുകഴിഞ്ഞു. പ്രതിഷേധ സൂചകമായി വിവിധ സമരങ്ങളും ഡിവൈഎഫ്ഐയും സിപിഐഎമ്മും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി ബിജെപി ജില്ലാ അധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top