സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ച തീരുമാനം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ റദ്ദാക്കി

അഭയ് സിംഗ് ചൌതാല, സുരേഷ് കല്‍മാഡി ( ഫയല്‍ ചിത്രം)

ദില്ലി : സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ച തീരുമാനം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ റദ്ദാക്കി. ഐഒഎ പ്രസിഡന്റ് എന്‍ രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ ചേര്‍ന്ന വാര്‍ഷികയോഗം ഇത്തരത്തില്‍ പ്രമേയം പാസ്സാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.


ഡിസംബര്‍ 27 ന് ചെന്നൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വാര്‍ഷിക യോഗമാണ് സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. അഴിമതി ആരോപണ വിധേയരായ ഇവരുടെ നിയമനത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകളാണ് ഉയര്‍ന്നത്.


അസോസിയേഷന്‍ തീരുമാനത്തിനെതിരെ രംഗത്തു വന്ന കേന്ദ്ര കായിക മന്ത്രാലയം അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കായികമന്ത്രാലയം ഐഒഎയുടെ അംഗീകാരം റദ്ദാക്കി. അസോസിയേഷനുള്ള എല്ലാ സാമ്പത്തികസഹായവും നിര്‍ത്തിലാക്കുകയും ചെ്‌യ്തിരുന്നു.

അസോസിയേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റും രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ തലവനുമായ ബത്ര ഐഒഎയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു.

മുന്‍ ലോക്സഭാംഗമായ സുരേഷ് കല്‍മാഡി 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായി 10 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അനധികൃത സ്വത്തു സമ്പാദനത്തില്‍ ചൗട്ടാലയ്ക്കെതിരേ നിലവില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top