രഞ്ജി ട്രോഫി : മുംബൈ – ഗുജറാത്ത് ഫൈനല്‍ ഇന്നു മുതല്‍

ഫയല്‍ ചിത്രം

ഇന്‍ഡോര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈ ഇന്ന് ഗുജറാത്തിനെ നേരിടും. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. നാല്‍പ്പത്തി രണ്ടാമത്തെ കിരീടം തേടിയാണ് മുംബൈ ഇന്നിറങ്ങുന്നത്. ആദിത്യ താരെയുടെ നേതൃത്വത്തിലാണ് മുംബൈ കിരീടം തേടി ഇറങ്ങുന്നത്. കന്നിക്കിരീടനേട്ടമാണ് പാര്‍ത്ഥിവ് പട്ടേലിന്റെ ഗുജറാത്ത് ടീം ലക്ഷ്യമിടുന്നത്.

66 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് കലാശപോരിനിറങ്ങുന്നത്. 1950 ലാണ് ഗുജറാത്ത് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്. എന്നാല്‍ ഫൈനലില്‍ ഹോള്‍ക്കറോട് 189 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

രഞ്ജി ട്രോഫി ജേതാക്കള്‍

രഞ്ജിട്രോഫിയുടെ 83 വര്‍ഷത്തെ ചരിത്രത്തില്‍ മുംബൈ 45 തവണയാണ് ഫൈനലിലെത്തിയത്. അതില്‍ 41 തവണ കിരീടം നേടുകയും ചെയ്തിരുന്നു. അഞ്ചു കിരീട വിജയങ്ങളില്‍ പങ്കാളിയായ മലയാളിയായ ഓള്‍ റൗണ്ടര്‍ അഭിഷേക് നായര്‍, ഇത്തവണത്തെ ടീമിന്റെ വിജയക്കുതിപ്പിലും നിര്‍ണായക പങ്കു വഹിച്ചിരുന്നു. ഒപ്പം കൗമാരതാരം പ്രിഥ്വി ഷായുടെ തകര്‍പ്പന്‍ ഫോമിലും മുംബൈ വിശ്വാസമര്‍പ്പിക്കുന്നു. 17 കാരനായ പ്രിഥ്വിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് മുംബൈ സെമിഫൈനലില്‍ തമിഴ്‌നാടിനെ തകര്‍ത്തത്.

ജാര്‍ഖണ്ഡിനെ 123 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 235 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ജാര്‍ഖണ്ഡിനെ 111 റണ്‍സിന് കെട്ടുകെട്ടിച്ചാണ് ഗുജറാത്ത് ഫൈനലില്‍ കടന്നത്. ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയും, ആര്‍ പി യാദവുമാണ് ഗുജറാത്തിന് വേണ്ടി തിളങ്ങിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top