സിപിഐഎം സംസ്ഥാനസമിതി യോഗത്തിന് ഇന്ന് തുടക്കം; ക്ഷണിതാവായി വി എസ് ഇന്ന് സംസ്ഥാനസമിതിയിലേക്ക്

ഫയല്‍ ചിത്രം
തിരുവനന്തപുരം : രണ്ടു ദിവസത്തെ സിപിഐഎം സംസ്ഥാന സമിതി യോഗം തീരുവനന്തപുരത്ത് ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങാണ് സംസ്ഥാനസമിതിയുടെ പ്രധാന അജണ്ട. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വി.എസിന് താക്കീത് നല്കിയതും സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്താനുള്ള കേന്ദ്ര കമ്മിറ്റി നിര്‍ദേശവും റിപ്പോര്‍ട്ട് ചെയ്യും.
വി.എസ്. അച്യുതാനന്ദന് ഘടകം നിശ്ചയിച്ചതിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതി യോഗമാണിത്. സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി നിശ്ചയിച്ച വി എസ് ഇന്ന് സംസ്ഥാനസമിതി യോഗത്തില്‍ പങ്കെടുത്തേക്കും. വി എസിന് സംസ്ഥാന സമിതിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
ബന്ധുനിയമന കേസില്‍ പ്രതിയായ ഇ.പി. ജയരാജനും, വിവാദത്തില്‍ ഉള്‍പ്പെട്ട പി.കെ. ശ്രീമതി എം.പിക്കും എതിരായ അന്വേഷണത്തിന്റെ സ്വഭാവം നിശ്ചയിക്കുകയും യോഗത്തിന്റെ പരിഗണനയിലുണ്ട്. നിയമ നടപടി നടക്കുന്നതിനാല്‍, ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാന സമിതിക്ക് മുന്നോടിയായി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. വി.എസിനെതിരായ അച്ചടക്ക നടപടിയും, ബന്ധുനിയമനക്കേസിലെ കേന്ദ്രക്കമ്മിറ്റി വിലയിരുത്തലും യോഗം ചര്‍ച്ച ചെയ്തതായാണ് സൂചന.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക