ബിജെപിയുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ് ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചലച്ചിത്രസംവിധായകനും സംസ്ഥാന ചലച്ചിത്രഅക്കാദമി ചെയര്‍മാനുമായ കമല്‍ പാകിസ്താനിലേക്ക് പോകൂ എന്ന ബിജെപി നേതാക്കളുടെ ആക്രോശം വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

സമൂഹത്തെ പരോഗതിയിലേക്ക് നയിച്ചതില്‍ കലയും സംസ്‌ക്കാരവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംഘപരിവാറിനേയും മോദിയേയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്‌കാരിക നായകരും ഇന്ത്യവിടണമെന്ന ബിജെപി നേതാക്കളുടെ ദാര്‍ഷ്ഠ്യം നിറഞ്ഞ ആവശ്യം തികഞ്ഞ വര്‍ഗ്ഗീയ ഭ്രാന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സൂചിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എന്ന പദവി വഹിക്കുന്ന എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗ്ഗീയ വിഷം ആവര്‍ത്തിച്ച് ചീറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് കമലിനെ മുസ്‌ലിം തീവ്രവാദിയെന്ന് മുദ്രയടിക്കുന്നതെന്ന് കോടിയേരി കുറിച്ചു. എം ടി വാസുദേവന്‍ നായരെ കടന്നാക്രമിച്ചതിനെ എതിര്‍ത്തതോടെയാണ് കമലിനെതിരായി കാവിപ്പടയുടെ പ്രതിഷേധം ഇരട്ടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ഒരു തുള്ളി ചോരചിന്താത്ത സംഘപരിവാറിന്റെ ദേശസ്‌നേഹനാട്യം അരോചകമാണെന്ന് കോടിയേരി സൂചിപ്പിച്ചു. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും, ചന്തുമേനോനും ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ അവരോടും പാകിസ്താനില്‍ പാര്‍ക്കാന്‍ സംഘപരിവാര്‍ വിളിച്ചുപറഞ്ഞേനെയെന്ന് കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ഗ്രാമാന്തരങ്ങളിലടക്കം ഡിവൈഎഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ചെഗുവേരെയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന ബിജെപി സംസ്ഥാന നേതാവിന്റെ ആവശ്യവും അപരിഷ്‌കൃതമാണ്. ചെഗുവേരെയെ കശാപ്പുചെയ്ത അമേരിക്കന്‍ കിങ്കരന്മാരുടെ വാദമുഖങ്ങളാണ് ആ വിപ്ലവകാരിക്കെതിരെ നിരത്തിയിരിക്കുന്നത്. മനുഷ്യരാശി ഉള്ളടിത്തോളം കാലം ചെഗുവേരെയുടെ സ്മരണയും ചിത്രവും നിലനില്‍ക്കുമെന്നും അതിനെ ഇല്ലാതാക്കാന്‍ വര്‍ഗ്ഗീയ കോമരങ്ങള്‍ക്കാവില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top