‘കാവിക്കളസം അണിയുമ്പോളുള്ള ചൊറിയല്ല രാജ്യസ്നേഹം’; 100 കോടി ഇന്ത്യക്കാരോട് നാടുവിടാൻ പറയുന്നതിലും നല്ലത് 10 കോടി സംഘികൾ പാകിസ്താനിലേക്ക് പോകുന്നതാണെന്നും കെ മുരളീധരൻ

സംവിധായകന്‍ കമലിനോട് രാജ്യം വിട്ടു പോകണമെന്നാവശ്യപ്പെട്ട ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെതിരെ പ്രതിഷേധം കത്തുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് കമലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. വിവാദ പ്രസ്താവന ഇറക്കിയ എഎന്‍ രാധാകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന  മികച്ച രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം.

കോണ്‍ഗ്രസ് നേതാവ് കെ മരളീധരനും എഎന് രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജനങ്ങളോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെടുന്ന സങ്കികള്‍ ഈ വീര്യം പണ്ട് വെള്ളക്കാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ലഫലവും ഉണ്ടായേനെ. അതിനു ദേശസ്‌നേഹം വേണം. കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്‌നേഹമെന്നും കെ മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരൊക്കെയാണ് ഇന്ത്യയില്‍ നിന്നും പാകിസ്താനിലേക്ക് പോകേണ്ടത്, കേരളത്തിൽ നിന്ന് കമല്‍, ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍, റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍, ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി, തമിഴകത്ത് നിന്ന് കമല്‍ഹാസന്‍, നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍, ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ, എഴുത്തുകാരന്‍ അശോക്‌ വാജ്പേയ്‌, ബോളി വുഡ് താരംഇര്‍ഫാന്‍ ഖാന്‍, ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി, വാരണാസിയില്‍ നിന്ന് കവി കാശിനാഥ്…

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്.ഒന്ന് ചോദിക്കട്ടെ സങ്കികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടോള്ളൂ. എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സങ്കികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കംയൂനിസ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്‍റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവനും രാഷ്ട്ര പിതാവിന്‍റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവനുമാണ് ഇന്ന് മറ്റുള്ളവരോട് പാകിസ്താനിലേക്ക്  പോവാന്‍ പറയുന്നത്. നടക്കില്ല. ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈമണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്‍റെ മോചനത്തിന്വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈമണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവ കുടീരങ്ങളും ചിതയുമുള്ള ഈ ഇന്ത്യാ മണ്ണിലെന്നും മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കമലിന് തീവ്രവാദബന്ധമുണ്ടെന്നും, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്നും, കമല്‍ രാജ്യംവിടണമെന്നുമായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ വിവാദ പ്രസ്താവന.

കേരളത്തിലെ ആക്രമണങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാന്‍ ചെഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മതിയെന്നും എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് പ്രചോദനം നല്‍കുന്നത് ചെഗുവേരയാണെന്നും അദേഹം ആരോപിച്ചു. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പരമോന്നതമായ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സംശയമുള്ളയാളാണ് കമല്‍. അദ്ദേഹത്തിനെ പോലെയുള്ളൊരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട എന്നു തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിട്ടു പോകണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഇതിന് മുന്‍പ് എംടിയെ വിമര്‍ശിച്ചും രാധാകൃഷണന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും നരേന്ദ്ര മോദിയേയും വിമര്‍ശിക്കാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്ന് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വീടിന് തൊട്ടടുത്ത് നടന്ന ടിപി വധത്തിനെതിരെ തൂലിക ചലിപ്പിക്കുകയോ പ്രതികരിക്കുകയോ ചെയ്യാതിരുന്ന എംടി ഇപ്പോള്‍ ആര്‍ക്കോ വേണ്ടി സംസാരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. സേതുവും മോഹനവര്‍മയും ആ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നു. എന്നാല്‍ എംടി കാര്യങ്ങള്‍ അറിയാതെ പ്രതികരിച്ചത് ശരിയായില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top