മഹേന്ദ്രസിംഗ് ധോണി ക്യാപ്ടന്‍ പദവിയില്‍ നാളെ അവസാന അങ്കത്തിനിറങ്ങുന്നു

ധോണി

മുംബൈ: ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണി ക്യാപ്ടന്‍ പദവിയില്‍ അവസാന അങ്കത്തിനിറങ്ങുന്നു. ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായാണ് ധോണി നായകവേഷത്തില്‍ ഇറങ്ങുന്നത്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം.

ഇടക്കാലത്ത് ധോണിയുടെ അപ്രീതിക്കിരയായി ടീമില്‍നിന്നും പുറത്തായ യുവരാജ് സിങ്ങും നാളെ ധോണിയുടെ കീഴില്‍ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുശേഷം രണ്ടര മാസമായി ഒരു മത്സരംപോലും കളിച്ചിട്ടില്ലാത്ത ധോണിയും വിവാഹത്തെത്തുടര്‍ന്ന് മല്‍സരങ്ങളില്‍ നിന്നും വിട്ടുനിന്ന യുവരാജ് സിംഗിനും പരിശീലനത്തിന് ലഭിക്കുന്ന അവസരം കൂടിയാണ് മല്‍സരം.

പരിക്കില്‍ നിന്ന് മുക്തരായി തിരിച്ചെത്തുന്ന ആശിഷ് നെഹ്‌റ, ശിഖര്‍ ധവാന്‍ എന്നിവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. എന്നാല്‍ സഞ്ജു കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല.

ഈ മാസം നാലിനാണ് ഏകദിന, ട്വന്റി-20 ടീം നായകസ്ഥാനത്തു നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന്റെ നായകനായി സെലക്ഷന്‍ കമ്മിറ്റി ധോണിയെ തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും.

ഇയാന്‍ മോര്‍ഗനാണ് ഇംഗ്‌ളണ്ട് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിയ്ക്ക് ജയത്തോടെ മറുപടി പറയാനുള്ള ശ്രമ്തതിലാണ് ഇംഗ്ലണ്ട് ടീം. മൂന്നു ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മല്‍സരങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ മല്‍സരം ഈ മാസം 15 ന് നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top