നഗ്നനായ ഷോമാൻ മുതൽ കമ്പി കൊണ്ടടിക്കുന്ന വട്ടോളി വരെ; നെഹ്റു കോളെജിനെതിരെ ആരോപണശരങ്ങളുമായി നവമാധ്യമങ്ങൾ

ജിഷ്ണുവിന്റെ ആത്മഹത്യയിലും ഇടിമുറിയിലും അവസാനിക്കാതെ നെഹ്റു കോളേജിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് പൂർവ്വ വിദ്യാർത്ഥികളും ന്യൂമീഡിയാ ആക്ടിവിസ്റ്റുകളും രംഗത്തെത്തുന്നത്. ലേഡീസ് ഹോസ്റ്റലിൽ നഗ്നരായി എത്തുന്ന ഷോമാന്‍മാരെക്കുറിച്ചുള്ള വിദ്യാർത്ഥിനികളുടെ കത്തും കോളേജിനെതിരെ നവമാധ്യമങ്ങൾ ആയുധമാക്കുകയാണ്. ജിഷ്ണുവിന് നീതി ലഭിക്കുന്നതിനൊപ്പം ഈ പീഡനങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് മോചനമൊരുക്കണമെന്നാണ് നവമാധ്യമങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

കോയമ്പത്തൂരിലെ നെഹ്റു ഗ്രൂപ്പിന്റെ സ്ഥാപനത്തിലെ ചിത്രമെന്ന പേരിലുള്ള ഈ ചിത്രം സംവിധായകൻ ആഷിഖ് അബു ഉൾപ്പെടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. വട്ടോളി എന്ന് വിളിപ്പേരുള്ള ഈ അധ്യാപകൻ, ഇരുമ്പുകമ്പി കൊണ്ട് വിദ്യാർത്ഥികളെ മർദിക്കുന്ന ചിത്രമാണെന്നാണ് ആഷിഖ് പറയുന്നത്. ഈ നെറികേടിനെതിരെ വിദ്യാർത്ഥി സമൂഹത്തോട് രംഗത്തിറങ്ങാനും ആഷിഖ് അബു ആഹ്വാനം ചെയ്യുന്നു.

നെഹ്റു കോളെജ് വിദ്യാർത്ഥിനികളുടേതെന്ന പേരിലുള്ള ഒരു കത്തും നവമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഗേൾസ് ഹോസ്റ്റലിൽ നഗ്നരായി രാത്രിയിൽ എത്തുന്ന ഷോമാന്മാരെക്കുറിച്ചാണ് കത്തിൽ പറയുന്നത്. ഈ തെണ്ടിത്തരം കാണിക്കുന്നവരെ പിടിക്കാത്ത മാനേജ്മെന്റാണ് കോപ്പിയടിക്കെതിരെ നടപടി എടുക്കാൻ നടക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. വിദ്യാർത്ഥിനികൾ പരാതിയുമായി മാബേജ്മെന്റിനെ സമീപിച്ചപ്പോൾ, ഹോസ്റ്റലിലെ പെൺകുട്ടികൾ വിളിച്ചുവരുത്തിയ പുരുഷന്മാരാകും വന്നത് എന്നുവരെ പറഞ്ഞ് ആക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ഈ സംഘത്തെ പിടിക്കാൻ സംവിധാനമില്ലെന്നും സെക്യൂരിറ്റിയുടെ കണ്ണ് തെറ്റിയാൽ പീഡനം നടക്കുമെന്നും കത്തിൽ ആരോപണം ഉന്നയിക്കുന്നു. രണ്ടുമൂന്ന് തവണ ഈ നഗ്നസംഘം കോമ്പൗണ്ടിൽ കയറിയെന്നും സുരക്ഷയില്ലാത്തയിടത്താണ് തങ്ങൾ താമസിക്കുന്നതെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നതും. ആറ് വർഷം മുൻപ്, വനിതാഹോസ്റ്റലിൽ അപരിചിതരായ പുരുഷന്മാരടക്കമുള്ള മാനേജ്മെന്റ് സംഘം മൊബൈൽ സെർച്ച് നടത്തിയതും വിവാദമായിരുന്നു.

അതേസമയം കൊളെജിലെ വിദ്യാർത്ഥികളോട് നെറികേടുകൾക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്, പൂർവ്വവിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോയും വൈറലാവുകയാണ്. കോളേജിലെ വിവിധ ഫൈനുകളെക്കുറിച്ചും ശിക്ഷാ നടപടിയെക്കുറിച്ചുമാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അശ്വിൻ പിവി രംഗത്തെത്തിയത്. കോളേജിലെ ഫൈനിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഉണ്ടായ പീഡനങ്ങളെക്കുറിച്ചും അശ്വിൻ വിശദീകരിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കെതിരെ രംഗത്തുവരാൻ എല്ലാവരോടും അഭ്യർത്ഥിച്ചാണ് അശ്വിന്റെ ലൈവ് വീഡിയോ അവസാനിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തോടെ വലിയ സൈബർ ആക്രമണമാണ് നെഹ്രുകോളേജ് നേരിടേണ്ടിവരുന്നത്. കോളേജിൽ പണ്ടുമുതലുണ്ടായ പല വിഷയങ്ങളിലും ആരോപണങ്ങളുമായി കൂടുതൽ ആളുകൾ നവമാധ്യമങ്ങളിൽ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top