ലോകത്തിലെ ഏറ്റവും ചിരിപ്പിക്കുന്ന കവര്‍ച്ച; കൈ തോക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിരട്ടി മോഷണം

പോലീസ് പുറത്തുവിട്ട അക്രമിയുടെ ദൃശ്യം (വീഡിയോയില്‍നിന്ന്)

ലോകമെമ്പാടും നടക്കുന്ന പലവിധത്തിലുള്ള കവര്‍ച്ചകളുടെ വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ട്. എങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാവും കാണുന്നത്. കയ്യിലുള്ള ആയുധമെടുത്ത് വിരട്ടി ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്നത് ക്രിമിനലുകളുടെ പൊതു രീതിയാണ്. എന്നാല്‍ കയ്യില്‍ ആയുധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കവര്‍ച്ച നടത്താന്‍ ഈ സിസിടിവി ദൃശ്യത്തിലെ നായകനേപ്പോലെ അതിബുദ്ധിതന്നെ വേണം.

മാന്യനെന്നു തോന്നിപ്പിക്കുന്ന മധ്യവയസ്‌കനായ ഒരാള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ പണമടയ്ക്കുന്ന കൗണ്ടറിനുമുന്നില്‍ നില്‍ക്കുന്ന ദൃശ്യത്തില്‍നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വലതുകൈ പോക്കറ്റില്‍ വയ്ക്കുന്ന ഇയാള്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്തു എന്ന മട്ടില്‍ കൈ പുറത്തെടുത്ത് ഷര്‍ട്ടിനടിയിലേക്ക് കൊണ്ടുപോകുന്നു. കൈ തോക്കിന്റെ ആകൃതിയിലാക്കിയാണ് ഷര്‍ട്ടിന്റെ അടിയില്‍ വയ്ക്കുന്നത്. ഇതുകണ്ട് ജീവനക്കാര്‍ വിരളുന്നു. തുടര്‍ന്ന് അക്രമി കൗണ്ടറിനകത്തേക്ക് ചാടിക്കടന്ന് കവര്‍ച്ച ചെയ്യുന്നു.

ദൃശ്യ മികവിലും മട്ടിലും ഇതൊരു പ്രാങ്കാണെന്ന് സംശയമുണ്ടാകുമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല. എബിസി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ദൃശ്യം പുറത്തുവിട്ടത് ലോസ് ആഞ്ചലസ് പോലീസാണ്. കുറ്റവാളിയെ തിരിച്ചറിയുന്നവര്‍ പോലീസിനെ അറിയിക്കണം എന്നും നിര്‍ദേശമുണ്ട്.

DONT MISS