special page

കോളെജിന് പുറത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ അച്ചടക്ക നടപടിക്ക് വിധേയമാകും; പാമ്പാടി നെഹ്‌റു കോളേജില്‍ നിലനില്‍ക്കുന്നത് വിചിത്ര നിയമം

തൃശൂര്‍: കോളേജിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് മാനേജ്‌മെന്റുകള്‍ വാശി പിടിക്കുന്നത് കണ്ടിട്ടുണ്ട് .കോളേജിന് പുറത്ത് വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയത്തിലിടപെട്ടാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കോളേജ് മാനേജ്‌മെന്റ് പറഞ്ഞാല്‍ എങ്ങിനെയിരിക്കും.കോളേജിന് പുറത്ത് രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടെന്നറിഞ്ഞാല്‍ ആ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയുണ്ടാകുമെന്ന് പറയുന്ന പാമ്പാടി നെഹ്‌റു കോളേജ് അക്കാദമിക് കലണ്ടറിന്റെ കോപ്പി റിപ്പോര്‍ട്ടറിന് ലഭിച്ചു.

2015-2016 വര്‍ഷത്തെ പാമ്പാടി നെഹ്‌റു കോളെജിന്റെ അക്കാദമിക് കലണ്ടറിന്റെ കോപ്പിയില്‍ കോളെജിനകത്ത് രാഷ്ട്രീയം പാടില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും കോളെജിനകത്ത് അനുവദിക്കില്ലെന്നും പറയുന്നതിന്റെ തുടര്‍ച്ചയായാണ് ഭരണഘടനാ വിരുദ്ധവും വിചിത്രവുമായ നിയമമുള്ളത്. കോളെജിന് പുറത്ത് വിദ്യാര്‍ത്ഥി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാര്‍ഷിക പുസ്തകം അടിവരയിടുന്നു.

പൗരന് രാജ്യം നല്‍കുന്ന മൗലികാവകാശമാണ് പരസ്യമായി കോളെജ് മാനേജ്‌മെന്റെ ഹനിക്കുന്നതെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ ഭരണാധികാരികളോ മനഷ്യാവകാശ സംഘടനകളോ ഇതിലൊന്നും ഇടപെടാറില്ല.

അതേസമയം സഹപാഠികളുടെ മൊഴി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. ജിഷ്ണുവിനെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കോളെജ് അധികൃതര്‍ വിമുഖത കാട്ടിയതാണ് മരണകാരണമെന്ന് സഹപാഠികള്‍ പറഞ്ഞു. ഇതോടെ ശക്തമായ നിയമനടപടികള്‍ക്കും കോളെജിന് മുന്നിലുള്ള പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top