ധോണിയുടെ രാജിക്ക് കാരണം ബിസിസിഐയുടെ സമ്മര്‍ദം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

ധോണി

റാഞ്ചി: മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണി നായക സ്ഥാനം രാജിവച്ചത് ബിസിസിഐയുടെ സമ്മര്‍ദം കാരണമെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ. ധോണി പൊടുന്നനെ എടുത്ത ഒരു തീരുമാനമല്ല ഇത്. മറിച്ച്‌ അതിയായ സമ്മര്‍ദത്തിനടിപ്പെട്ട് എടുത്ത തീരുമാനമാണിത് എന്നും ആദിത്യ ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ബിസിസിഐ ജോയന്റ് സെക്രട്ടറി അമിതാഭ് ചൗധരി ധോണിയോട് ഭാവി പദ്ധതികള്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. ജാര്‍ഖണ്ഡും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനലിന്റെയന്നാണ് സംഭവം. ധോണി മുഖ്യ ഉപദേഷ്ടാവായിട്ടും ജാര്‍ഖണ്ഡ് പരാജയപ്പെട്ടു’ എന്നും ശര്‍മ പറഞ്ഞു.

‘ചൗധരി അതിനുശേഷം ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന് ഫോണ്‍ ചെയ്ത് ധോണിയുടെ ഭാവി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് ആവശ്യപ്പെട്ടു’. ശര്‍മ കൂട്ടിച്ചേര്‍ത്തു.

ജനുവരി നാലിനാണ് ധോണി ഏവരേയും ഞെട്ടിച്ചുകൊണ്ട് നായകസ്ഥാനം ഒഴിയുന്നതായി അറിയിക്കുന്നത്. ആദിത്യ ശര്‍മയുടെ വെളിപ്പെടുത്തലിനോട് അമിതാഭ് ചൗധരി പ്രതികരിച്ചിട്ടില്ല. ജനുവരി രണ്ട് വരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു ചൗധരി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top