‘ചുവപ്പും ചെഗുവരയും ഈ നാട്ടില്‍ വേണ്ട’; ചെഗുവേരയുടെ ചിത്രമുള്ള ഹെല്‍മറ്റും ടവ്വലും ധരിച്ച് ബൈക്കില്‍ പരീക്ഷയ്‌ക്കെത്തിയവര്‍ക്ക് ആര്‍എസ്എസ് മര്‍ദ്ദനം

കാഞ്ഞങ്ങാട്: ചുവന്ന മുണ്ട് ധരിച്ചുവെന്നാരോപിച്ച് ചെറുപ്പക്കാരെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ കാഞ്ഞങ്ങാട് വീണ്ടും ആര്‍എസ്എസ് അതിക്രമം. ഇക്കുറി ചെഗുവേരയാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചെഗുവരയുടെ ചിത്രമുള്ള ഹെല്‍മറ്റും ടവലും ധരിച്ച് പരീക്ഷയ്‌ക്കെത്തിയ ചെറുപ്പക്കാരെ ആര്‍എസ്എസുകാര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി. കാസര്‍ഗോഡ് കോട്ടപ്പാറയിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഹെല്‍മറ്റ് തകര്‍ത്തും ടവ്വല്‍ വലിച്ച് കീറിയും ചെറുപ്പക്കാരെ മര്‍ദിച്ചുമാണ് ചെഗുവരയോടുള്ള വൈരാഗ്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീര്‍ത്തതെന്നും മര്‍ദനമേറ്റ യുവാക്കള്‍ ആരോപിക്കുന്നു.

സ്വകാര്യ ബാങ്കിന്റെ പ്രവേശന പരീക്ഷ എഴുതാനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശികളായ എം മിഥുനും, വിജേഷ് എടിയും കോട്ടപ്പാറ വഴി കടന്നുപോയത്. ബൈക്കോടിച്ചിരുന്ന മിഥുന്‍ ചെഗുവരയുടെ ചിത്രം പതിച്ച ഹെല്‍മറ്റായിരുന്നു ധരിച്ചിരുന്നത്. പിറകിലിരുന്ന വിജേഷ് ചെഗുവരയുടെ ചിത്രമുള്ള ചുവന്ന ടവ്വല്‍ തലയ്ക്ക് കെട്ടിയിരുന്നു. ആര്‍ എസ്എസ് കേന്ദ്രത്തിലൂടെ കടന്നുപോകവെ, ഇവരെ ബൈക്കിലെത്തിയ സംഘം റോഡില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ബൈക്ക് നിര്‍ത്തും മുന്‍പ് തന്നെ ഹെല്‍മറ്റ് വലിച്ചൂരി തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് മിഥുന്‍ പറയുന്നു. ചുവപ്പും ചെഗുവരയും ഈ നാട്ടില്‍ വേണ്ടെന്ന് പറഞ്ഞ സംഘം ഇരുവരുടെയും മുന്നില്‍ വെച്ച് തന്നെ ഹെല്‍മറ്റ് കല്ലിലിടിച്ച് തകര്‍ക്കുകയും, ടവ്വല്‍ കീറിയെറിയുകയും ചെയ്തുവെന്നും പരാതിക്കാര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പരീക്ഷ എഴുതാന്‍ പോവുകയാണെന്നും തിരികെ കണ്ണൂരേക്ക് ബൈക്കില്‍ പോകാന്‍ ഹെല്‍മറ്റ് വേണമെന്നും പറഞ്ഞപ്പോള്‍, തങ്ങളെയും മര്‍ദിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. പരാതി പറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയതിനാല്‍, ചെറുപ്പക്കാര്‍ തിരികെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ മയ്യില്‍ പൊലീസില്‍ ഇരുവരും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചുവന്ന മുണ്ടുടുത്തെന്ന കാരണത്താല്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ച പറക്കളായിക്ക് തൊട്ടടുത്ത പ്രദേശമാണ് കോട്ടപ്പാറയും. ഇവിടെയാണ് ചെഗുവരയുടെ ചിത്രം അടികിട്ടാനുള്ള കാരണമായി മാറുന്നത്.

ചുവന്ന മുണ്ടുടത്തതിന്റെ പേരില്‍ മാധ്യമവിദ്യാര്‍ത്ഥിടകളങ്ങുന്ന സംഘത്തിനെ കാഞ്ഞങ്ങാട്ടെ മുപ്പതോളം ആര്‍എസ്എസ് അനുകൂലികള്‍ ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തിനു പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. ചുവന്ന മുണ്ട് ധരിച്ച് ആര്‍എസ്എസ് ഗ്രാമത്തില്‍ പ്രവേശിച്ചു എന്നും പറഞ്ഞായിരുന്നു അക്രമം. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top