സംഭവം കലക്കി, പക്ഷെ ഒന്ന് പിഴച്ചു; എമിറേറ്റ്സിന് ധോണിയെ അറിയില്ല, അത് ട്രോളിയ സേവാഗിന് ‘എമിറേറ്റ്സ്’ നല്‍കിയ മറുപടി ഇങ്ങനെ‍!

കഴിഞ്ഞ വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഹീറോ ആരെന്ന ചോദ്യത്തിന് വീരു എന്ന് നിസംശയം പറയാം. സ്വതസിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച വീരുവിന്റെ ട്വീറ്റുകളായിരുന്നു 2016 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയം. 2016 ലെ ട്വിറ്റര്‍ ഇന്നിംഗസ് 2017 ല്‍ കടക്കുമ്പോഴും വീരുവിലെ ആ തട്ടുപ്പൊളിപ്പന്‍ ‘അപ്പര്‍ കട്ട്’ ശൈലിക്ക് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടുന്നത്. സംഭവം എന്താണന്നല്ലേ?

ഏകദിന, ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്നും നായക സ്ഥാനം ഒഴിഞ്ഞ മഹേന്ദ്രസിംഗ് ധോണിയാണ് വീരുവിന്റെ പുതിയ ഇന്നിംഗ്‌സിന് ആധാരം. ധോണിയുടെ പിന്‍മാറ്റം രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായക സ്ഥാനത്ത് നിന്നുമുള്ള ധോണിയുടെ പിന്‍മാറ്റത്തെ അറിയിച്ച് കൊണ്ട് അറബ് സൈറ്റായ Emirates247.com നല്‍കിയ വാര്‍ത്തയാണ് വീരുവിനെ ട്വീറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്താ ചിത്രത്തില്‍ ധോണിക്ക് പകരം, ധോണിയായി വേഷമിട്ട ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പൂതിനെയാണ് Emirates247.com നല്‍കിയത്.

ഇതില്‍ കൂടുതല്‍ എന്തെങ്കിലും വേണോ വീരുവിന്. നിമിഷ നേരത്തില്‍ തന്നെ സ്വതസിദ്ധ ശൈലിയില്‍ വിരേന്ദര്‍ സേവാഗ് തിരിച്ചടിച്ചു. തന്റെ രൂപ സാദൃശ്യമുള്ള ചിത്രത്തെ ട്വീറ്റില്‍ നല്‍കി Emirates247.com നെ ട്രോളാന്‍ വീരു ശ്രമിച്ചു. എന്നാല്‍ വീരുവിന് ഒരല്‍പം പിഴച്ചെന്ന് മാത്രം. വാര്‍ത്താ വെബ്‌സൈറ്റായ Emirates247.com ന്റേത് എന്ന് കരുതി വീരു ടാഗ് ചെയ്തത്, സാക്ഷാല്‍ രാജ്യാന്തര വിമാന എയര്‍ലൈന്‍സായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിനെ.

സംഭവം തീര്‍ന്നില്ല. വീരുവിന് മറുപടിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് രംഗത്തെത്തി.

എന്തായാലും എമിറേറ്റ്‌സിന്റെ ട്വീറ്റിന് വീരുവില്‍ നിന്നും ഇത് വരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. നേരത്തെ പിയേഴ്‌സ് മോര്‍ഗന്‍ എന്ന ബ്രിട്ടീഷ് ജര്‍ണലിസ്റ്റായിരുന്നു വീരുവിന്റെ എതിരാളിയെങ്കില്‍ ഇത്തവണ വമ്പന്‍ സ്രാവാണ് വീരുവിന്റെ വലയില്‍ വീണിട്ടുള്ളത്. 2016 ലേത് പോലെ 2017 ല്‍ എമിറേറ്റ്‌സ് ആകുമോ വീരുവിന്റെ എതിരാളി എന്ന കാത്തിരിപ്പിലാണ് ട്വിറ്റര്‍ സമൂഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top