special page

‘ജിഷ്ണുവിന് നീതി വേണം’; നെഹ്‌റു കോളേജിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധാഗ്നി; ‘പ്രമുഖ കോളേജാക്കിയ’ മാധ്യമങ്ങള്‍ക്കും ട്രോളാക്രമണം

#JusticeforJishnu എന്ന ഹാഷ് ടാഗും ഉയര്‍ന്നു കഴിഞ്ഞു

വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിനെതിരെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും പ്രതിഷേധം വ്യാപകമാകുന്നു. ട്രോള്‍ എന്നാല്‍ കേവലം തമാശ മാത്രമല്ലെന്നും, അതിശക്തമായി തന്നെ പ്രതിഷേധിക്കാനുള്ള മാര്‍ഗമാണെന്നും തെളിയിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ ഉപയോക്താള്‍ കോളേജ് അധികൃതര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ ശാസിച്ചിരുന്നുവെന്നും മാനേജ്‌മെന്റിന്റെയുള്‍പ്പെടെയുള്ള മാനസികമായ പീഡനമാണ് ജിഷ്ണുവിന്റെ മരണത്തിന് കാരണം എന്നാണ് ആരോപണം.

ട്രോള്‍ രൂപത്തിലുള്ള പ്രതിഷേധം ഫെയ്‌സ്ബുക്കില്‍ ആളിക്കത്തുകയാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ട്രോള്‍ ഗ്രൂപ്പുകളും ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിക്കുന്നുണ്ട്. #JusticeForJishnu എന്ന ഹാഷ്ടാഗിന് കീഴിലാണ് പ്രതിഷേധ പോസ്റ്റുകള്‍ അണി നിരക്കുന്നത്.

ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമേ സംഭവം നടന്നത് പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലാണ് എന്ന് പറഞ്ഞുകൊണ്ട് വാര്‍ത്ത നല്‍കിയിരുന്നുള്ളു. അതു കൊണ്ട് തന്നെ കോളേജിന്റെ പേര് മറച്ചു വെച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കോളേജ് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ പേരായ പാമ്പാടിയെ അന്വര്‍ത്ഥമാക്കുന്ന വിധം, പാമ്പുകളേക്കാള്‍ വിഷമുള്ള കോളേജാണ് നെഹ്‌റു കോളേജെന്നാണ് ഒരു ട്രോളില്‍ പറയുന്നത്.

കോളേജിലേക്ക് ദിവസവും പതിനായിരക്കണക്കിന് രൂപ എത്തിക്കാനുള്ള വെറും യന്ത്രങ്ങള്‍ മാത്രമാണ് നിങ്ങളെന്ന് വിദ്യാര്‍ത്ഥികളോട് പറയുന്ന കോളേജ് അധികൃതരെ തുറന്ന് കാട്ടുന്നു ചില ട്രോളുകള്‍.

കോളേജ് അധികൃതര്‍ പീഡിപ്പിച്ചതിന് പരസ്പരം പരാതി പറഞ്ഞിരിക്കാതെ യോജിച്ച് നിന്ന് പ്രതികരിക്കാന്‍ എസ്എഫ്‌ഐ, കെഎസ്യു, എബിവിപി എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളോട് ആഹ്വാനം ചെയ്യുന്ന ട്രോളുകളും ഉണ്ട്.

കോളേജ് കണ്ട് പുതിയ കോണ്‍സെന്‍ട്രേഷന്‍ ക്യാപ് ആണെന്ന് തെറ്റിദ്ധരിച്ചു പോയ ഹിറ്റ്‌ലറെയും ട്രോളുകളില്‍ കാണാം.

ഇതൊക്കെ കണ്ടപ്പോള്‍ കോളേജിന്റെ പേരിനൊപ്പമുള്ള തന്റെ പേര് മാറ്റിത്തരാന്‍ യാചിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ട്രോളുകളില്‍ കാണാം.

‘ഷൂസിനും ഐഡി കാര്‍ഡിനും നല്‍കുന്ന വില പോലുമില്ലേ സാറേ ഞങ്ങള്‍ക്ക്….’

പീഡനം സഹിച്ച് ആത്മഹത്യ ചെയ്യാതിരിക്കാന്‍ കഴിയുന്ന കുട്ടികളെ മാത്രം തെരഞ്ഞെടുത്ത് അഡ്മിഷന്‍ നല്‍കുന്ന കോളേജ് അധികൃതരുമുണ്ട് ട്രോളുകളില്‍.

പാമ്പാടി നെഹ്‌റു കോളേജില്‍ അഡ്മിഷന്‍ കിട്ടി പോകുന്ന മകനെ അവസാന യാത്രയെന്നോണം നോക്കുന്ന അമ്മയുമുണ്ട് ട്രോളില്‍.

സമൂഹമാധ്യമങ്ങളിലുയരുന്ന പ്രതിഷേധാഗ്നിയുടെ ചില നാളങ്ങള്‍ കാണാം:

പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെയും പ്രതിഷേധം ശക്തമാണ്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top