‘ട്രംപ് തൊപ്പി’ ധരിച്ച് കോടതിയിലെത്തിയ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

പ്രതീകാത്മക ചിത്രം

മോണ്‍ഡ്രിയാല്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ധരിച്ചിരുന്നത് പോലെയുള്ള തൊപ്പി ധരിച്ച് കോടതിയില്‍ എത്തിയതിന്റെ പേരില്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന് രേഖപ്പെടുത്തിയ തൊപ്പിയാണ് ഇദ്ദേഹം ധരിച്ചിരുന്നത്.

കാനഡയിലെ ഒന്റാറിയോയിലെ കോടതിയിലാണ് സംഭവം നടന്നത്. ജഡ്ജിയായ ബേണ്‍സ് സാബെലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇദ്ദേഹത്തെ വിലക്കി എന്നാണ് കോടതിയുടെ വക്താവ് കെയ്റ്റ് ആന്‍ഡ്രൂ പറഞ്ഞത്. ഈ നടപടി എത്ര നാളത്തേക്കാണ് എന്ന് വ്യക്തമല്ല.

നിഷ്പക്ഷത പുലര്‍ത്തേണ്ടയാളാണ് കോടതി ജഡ്ജി. എന്നാല്‍ ഇത് മറന്നുകൊണ്ട് ട്രംപിനെ പിന്തുണയ്ക്കുകയാണ് ബേണ്‍സ് ചെയ്തിരിക്കുന്നത്. ഇക്കാര്യം പറഞ്ഞുകൊണ്ട് നിരവധി പരാതികള്‍ കോടതിയില്‍ ലഭിച്ചുവെന്നാണ് അറിയുന്നത്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതിന് അടുത്ത ദിവസമാണ് ഇദ്ദേഹം തൊപ്പി ധരിച്ച് കോടതി മുറിയില്‍ എത്തിയത്.

ചരിത്രപരമായ തമാശ സൃഷ്ടിക്കാനായിരുന്നു തന്റെ ശ്രമമെന്നും അത് പരാജയപ്പെട്ടുവെന്നും ജഡ്ജിയായ ബേണ്‍സ് തന്റെ ക്ഷമാപണത്തില്‍ പറഞ്ഞു. എന്നാല്‍ ഹിലരിയ്ക്ക് വോട്ട് ചെയ്ത സഹപ്രവര്‍ത്തകരോടുള്ള മറുപടിയായാണ് ഇദ്ദേഹം തൊപ്പി ധരിച്ചെത്തിയത് എന്നാണ് ‘ടൊറന്റോ സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top