‘മികച്ച നായകനേക്കാളുപരി വിശാല ഹൃദയനാണ് ധോണി’; നായക സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ കൂളിനെ പുകഴ്ത്തി വീരേന്ദര്‍ സേവാഗ്

മുംബൈ: ഏകദിന, ട്വന്റി20 നായക സ്ഥാനൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി വീരേന്ദര്‍ സേവാഗ്. വിശാല ഹൃദയമുള്ളവനാണ് ധോണിയെന്ന് വീരു പറഞ്ഞു.

കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലുമുള്ള ധോണിയുടെ കഴിവുകള്‍ എല്ലാവര്‍ക്കും അറിയാം. അതിനേക്കാളുപരി മഹി വലിയ മനുഷ്യനാണെന്നും വിശാല ഹൃദയനാണെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ധോണിയുടെ എല്ലാ പ്രവൃത്തികള്‍ക്കും സേവാഗ് ആശംസകള്‍ നേര്‍ന്നു.

‘7’ മഹിയുടെ ഇഷ്ട നമ്പറാണ്. അത് കൊണ്ട് തന്നെ ഏഴാം നമ്പറിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും സേവാഗ് ആശംസിച്ചു.

മോശം ഫോമിലായിരുന്ന സേവാഗിനെ തിരിച്ച്‌ ടീമിലെടുക്കാത്തതിനു പിന്നില്‍ ധോണിയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. വിടവാങ്ങല്‍ മത്സരം കളിക്കാന്‍ പോലും സേവാഗിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് ഇക്കുറി സേവാഗ്.

അനിവാര്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് പടിയിറങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

ധോണിയുടെ തിരുമാനം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിക്കുമന്ന് ചില ആക്ഷേപങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തിലോരു തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 200 ഏകദിന മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ കേവലം ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ധോണി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്. നിരവധി സന്ദേശങ്ങളും ആശംസകളുമാണ് തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ ധോണിയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top