സാനിയ കുതിപ്പ് തുടങ്ങി; ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ കിരീടം സാനിയ സഖ്യത്തിന്

സാനിയ-ബെഥനിക് സഖ്യം കിരീടവുമായി

ബ്രിസ്‌ബെയ്ന്‍: ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ വുമണ്‍സ് ഡബിള്‍സ് കിരീടം സാനിയ സഖ്യത്തിന്. ഫൈനലില്‍ റഷ്യയുടെ ഏകതറീന മകരോവ-എലേന വെനസ്‌നിയ സഖ്യത്തെയാണ് സാനിയ-ബെഥനി മറ്റെക്ക് സഖ്യം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. സ്‌കോര്‍ 6-2, 6-3.

അതേസമയം കിരീടം നേടിയെങ്കിലും വനിതാ വിഭാഗം ഡബിള്‍സ് ഒന്നാം റാങ്ക് സാനിയയ്ക്ക് നഷ്ടമായി. പങ്കാളിയായ ബെഥനി മറ്റെക്ക് തന്നെയാണ് സാനിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയത്. 91 ആഴ്ചകള്‍ക്ക് ശേഷമാണ് ലോക ഒന്നാം റാങ്ക് പട്ടം സാനിയയ്ക്ക് നഷ്ടമായത്.

കഴിഞ്ഞ വര്‍ഷവും സാനിയ സഖ്യം തന്നെയായിരുന്നു ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ജേതാക്കള്‍. മാര്‍ട്ടീന ഹിന്‍ജിന്‍സായിരുന്നു കഴിഞ്ഞ വര്‍ഷം സാനിയയുടെ പങ്കാളി.

ലോകസുന്ദരി പട്ടം കൈമാറുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്ന് മത്സര ശേഷം സാനിയ പറഞ്ഞു. വരാനിരിക്കുന്ന സിഡ്‌നി ഓപ്പണിലും, ഓസ്‌ട്രേലിയന്‍ ഓപ്പണിലും ചെക്ക് റിപബ്ലിക്കന്‍ താരം ബാര്‍ബോറ സ്‌ട്രൈക്കോവയായിരിക്കും സാനിയയുടെ പങ്കാളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top