സ്‌ക്രീനില്‍ തൊട്ടാല്‍ രണ്ടുണ്ട് കാര്യം; ടച്ച് ചെയ്ത് ഫോണ്‍ ചാര്‍ജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

പ്രതീകാത്മക ചിത്രം

എത്ര മുന്തിയ സ്മാര്‍ട്ട് ഫോണാണെങ്കിലും ബാറ്ററി ചാര്‍ജിംഗ് എന്നും ഉപഭോക്താക്കള്‍ക്ക് തലവേദനയാണ്. പവര്‍ബാങ്കും വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും എല്ലാം വന്നെങ്കിലും അതൊന്നും ഉപഭോക്താക്കളെ പൂര്‍ണമായും തൃപ്തരാക്കുന്നതല്ല. ഇപ്പോഴിതാ മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുതിയ കണ്ടെത്തലുമായി രംഗത്തു വന്നിരിക്കുകയാണ്.

ടച്ച് സ്‌ക്രീന്‍ സംവിധാനം ഉള്ള മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ വിരലുകളുടെ ചലനത്താല്‍ ഉണ്ടാകുന്ന ഊര്‍ജ്ജം നാനോ ജനറേറ്റര്‍ എന്ന സംവിധാനം ഉപയോഗിച്ച് ഫോണിന് ആവശ്യമായ ഊര്‍ജ്ജമാക്കി മാറ്റുക എന്നതാണ് പുതിയ കണ്ടെത്തല്‍. നാനോ ജനറേറ്ററിന്റെ പ്രാഥമിക പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് അറിയുന്നത്.

കടലാസിന്റെ കനം മാത്രമുള്ള ‘ബയോ കോംപാറ്റിയബിള്‍ ഫെറോ ഇലക്ട്രീറ്റ് നാനോ ജനറേറ്റര്‍’ എന്ന വസ്തുവാണ് ഇതിന്റെ പ്രധാന ഘടകം. എല്‍ഇഡി ബള്‍ബ് കത്തികാകന്‍ ശേഷിയുള്ള ഈ വസ്തുവിന് കൈപ്പത്തിയുടെ വലുപ്പമാണ് ഉള്ളത്. കനം കുറവ്, പുറമെ വളയ്ക്കാം, കുറഞ്ഞ ചിലവ് എന്നിവയാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകതകള്‍.

സ്മാര്‍ട്ട് ഫോണുകള്‍ മാത്രമല്ല, ടച്ച് സ്‌ക്രീന്‍ സംവിധാനം ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും നാനോ ജനറേറ്റര്‍ ഉപയോഗിക്കാം. പ്രൊഫ. നെല്‍സണ്‍ സീപുല്‍വെഡയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. നാനോ എനര്‍ജി ജേര്‍ണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top