special page

എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ജിഷ്ണു

തൃശൂര്‍: തൃശൂർ പാമ്പാടിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. പരീക്ഷക്ക് കോപ്പിയടിച്ചെന്ന വ്യാജ പ്രചരണം നടത്തി പാമ്പാടി നെഹ്റു കോളേജ് മാനേജ്മെന്റ് വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചെന്ന് മരിച്ച ജിഷ്ണു പ്രണോയുടെ ബന്ധുക്കൾ ആരോപിച്ചു. അതേ സമയം ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി നെഹ്റു കോളേജ് മാനേജ്മെൻറ് അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകിട്ടാണ് പാമ്പാടി നെഹ്റു എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ബാത്ത് റൂമിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ അടുത്തിരുന്ന വിദ്യാർത്ഥിയുടെ പേപ്പർ നോക്കിയെഴുതിയെന്നാരോപിച്ച് ജിഷ്ണുവിനെ അധ്യാപകർ ശാസിച്ചെന്നും മാനേജ്മെൻറിന്റെ മാനസികമായ പീഡനമാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കൾ പോലീസിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തി. അതേ സമയം പരീക്ഷയിൽ നോക്കിയെഴുതിയത് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തെതെന്നും , ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് മാനേജ്മെന്റ് അറിയിച്ചു. ജിഷ്ണു പ്രണോയിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top