തോല്‍വി ഒഴിയാതെ പാകിസ്താന്‍; പരമ്പര ഓസ്ട്രേലിയ തൂത്തുവാരി

സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ വിജയം. 220 റണ്‍സിനാണ് ഓസീസ് പാകിസ്താനെ കീഴടക്കിയത്. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി.

465 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്താന് 244 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹെസല്‍വുഡും സ്പിന്നര്‍ സ്റ്റീവ് ഓ കീഫെയുമാണ് പാകിസ്താനെ തകര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. സര്‍ഫ്രാസ് 72 റണ്‍സെടുടുത്ത് പുറത്താവാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ യൂനിസ് ഖാനും ഓപ്പണര്‍ അസ്ഹര്‍ അലിയും നേരത്തെ പുറത്തായത് പാകിസ്താന് തിരിച്ചടിയായി. അസ്ഹര്‍ 11ഉം യൂനിസ് 13ഉം റണ്‍സെടുത്ത് പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ 538 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ 315 റണ്‍സിന് പുറത്തായിരുന്നു.

ആദ്യ ടെസ്റ്റില്‍ 39 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 18 റണ്‍സിനും കംഗാരുക്കള്‍ പാകിസ്താനെ കീഴടക്കിയിരുന്നു. ഇതോടെ ഓസ്‌ട്രേലിയ പരമ്പര തൂത്ത് വാരി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ആണ് പരമ്പരയിലെ താരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top