യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് : ട്രംപിന്റെ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു; കോണ്‍ഗ്രസില്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പ്രതിഷേധം

യു എസ് കോണ്‍ഗ്രസില്‍ നിന്നുള്ള ദൃശ്യം

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അധ്യക്ഷത വഹിച്ച യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനമാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. ഡെമോക്രാറ്റ് പ്രതിനിധികളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ട്രംപിന്റെ വിജയത്തിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

ട്രംപിന് 304 ഇലക്ടറല്‍ വോട്ടുകളും എതിരാളി ഹില്ലരി ക്ലിന്റന് 227 ഇലക്ടറല്‍ വോട്ടുകളും ലഭിച്ചതായി അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകളാണ് വേണ്ടത്.

അതേസമയം റഷ്യയുടെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ട്രംപ് വിജയിച്ചതെന്ന് മസാച്ചുസെറ്റ്‌സില്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധി ജിം മക്‌ഗോവണ്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വിജയത്തിലെ നിയമസാധുതയെ അദ്ദേഹം ചോദ്യം ചെയ്തു. ട്രംപിന്റെ വിജയത്തില്‍ റഷ്യയുടെ ഇടപെടലിനു തെളിവു ലഭിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി വ്യക്തമാക്കിയതും ഉയര്‍ത്തിക്കാട്ടി മേരിലാന്‍ഡ്, വാഷിംഗ്ടണ്‍, കാലിഫോര്‍ണിയ, ടെക്‌സാസ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ഡെമോക്രാറ്റ് പ്രതിനിധികള്‍ ബഹളം വെച്ചു. തുടര്‍ന്ന് ബഹളമുണ്ടാക്കിയ ഡെമോക്രാറ്റ് പ്രതിനിധികളെ സഭയില്‍ നിന്നും പുറത്താക്കി.

അമേരികക്ന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ഈ മാസം 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മൈക്ക് പെന്‍സാകും അമേരിക്കയുടെ വൈസ് പ്രസിഡന്റാകുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top