പ്രവാസി ഭാരതീയ ദിവസിന് ബംഗലൂരുവില്‍ തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സമ്മേളനത്തെ അഭിസംബോധന ചെയ്യും

ബംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ബംഗലൂരുവില്‍ തുടക്കം. ബംഗളുരുവിലെ തുംക്കൂര്‍ റോഡിലുള്ള രാജ്യന്തര എക്‌സിബിഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ ആറായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും.


സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് രാജ്യവികസനത്തില്‍ പ്രവാസി യുവാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. വിദേശകാര്യസഹമന്ത്രി വി.കെ. സിങും കേന്ദ്ര യുവജനകാര്യമന്ത്രി വിജയ് ഗോയലും ഇന്നത്തെ സെഷന് നേതൃത്വം നല്‍കും. തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുറിനാമിന്റെ വൈസ് പ്രസിഡന്റ് മൈക്കല്‍ അശ്വിന്‍ അധിന്‍ മുഖ്യപ്രഭാഷണം നടത്തും.


പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പ്രവാസി ഭാരതീയ ദിവസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ചടങ്ങില്‍ മുഖ്യാതിഥിയാകും. മലേഷ്യന്‍ മന്ത്രി എസ്. സ്വാമി വേലു, മലേഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി ഡോ. എസ്. സുബ്രമണ്യം, മൗറീഷ്യസ് ആരോഗ്യ മന്ത്രി പൃഥ്വിരാജ് സിങ്ങ് രൂപന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കര്‍, മഹേഷ് ശര്‍മ, ജെ. പി. നദ്ദ എന്നിവരും പങ്കെടുക്കും.


തുടര്‍ന്ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം നടക്കും. കേരളം, കര്‍ണാടക, അസം, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. തിങ്കളാഴ്ച വിവിധ വിഷയങ്ങളില്‍ പ്‌ളീനറി സമ്മേളനങ്ങള്‍ നടക്കും. സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സ്വന്തം നാട്ടിലെ നിക്ഷേപ സാധ്യതകള്‍ അറിയിക്കുന്നതിനുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രവാസി ഭാരതീയ ദിവസ് എന്ന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പ്രവാസിയായി ദക്ഷിണാഫ്രിക്കയിലെത്തിയ മഹാത്മാ ഗാന്ധി ഇന്ത്യയില്‍ മടങ്ങി എത്തിയതിന്റെ സ്മരണ പുതുക്കല്‍ കൂടിയായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top