special page

സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ കേരളം ഇന്ന് ആന്ധ്രയ്ക്കെതിരെ

ഫയല്‍ ചിത്രം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ന് നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പുതുച്ചേരി കര്‍ണാടകയെയും ആന്ധ്രപ്രദേശ് കേരളത്തെയും നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ സര്‍വീസസും തമിഴ്‌നാടും വിജയം കണ്ടു.

സന്തോഷ് ട്രോഫിയില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ പുതുച്ചേരി കര്‍ണാടകയെ നേരിടും. വൈകീട്ട് 4 മണിക്ക് നടക്കുന്ന മത്സരത്തിലായിരിക്കും ആതിഥേയരായ കേരളം ആന്ധ്രയുമായി ഏറ്റുമുട്ടുക. ആദ്യമത്സരത്തില്‍ കേരളത്തോടെറ്റ ദയനീയ പരാജയത്തെ മറികടക്കാനുള്ളു പ്രകടനങ്ങളായിരിക്കും പുതുച്ചേരി ടീം പുറത്തെടുക്കുക. എന്നാല്‍ മികച്ച മുന്നേറ്റം നടത്തിയിട്ടും കൈവിട്ടു പോയ ജയം തിരിച്ച് പിടിക്കുക എന്നതായിരിക്കും കര്‍ണാടകയുടെ ലക്ഷ്യം. ആദ്യമത്സരത്തില്‍ 2 ഗോളുകള്‍ക്ക് കര്‍ണാടകയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ആന്ധ്ര ടീം കേരളത്തെ നേരിടാനെത്തുന്നത്. സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നത് കേരള ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമത്സരത്തിലെ പിഴവുകള്‍ പരിഹരിച്ച് കൂടുതല്‍ ഗോളുകള്‍ നേടാനാകും ടീമിന്റെ ശ്രമം.

ഈ കളികൂടി ജയിക്കാനായാല്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള കേരളത്തിന്റെ പ്രവേശനം എളുപ്പമാകും. മധ്യനിരയിലെ താരങ്ങളുടെയും മുന്നേറ്റനിരയിലെ താരങ്ങളായ ജോബിന്റെയും നായകന്‍ ഉസ്മാന്റെയും പ്രകടനങ്ങളുമായിരിക്കും കേരളത്തിന്റെ വിജയത്തെ നിര്‍ണയിക്കുക. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പുതുച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top