കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ഫീസ്‌ നിരക്കില്‍ വന്‍ വർധനവ്

കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക്‌ നൽകിവരുന്ന സേവനങ്ങൾക്കുള്ള ഫീസ്‌ നിരക്ക്‌ മൂന്ന് ഇരട്ടി മുതൽ പത്ത്‌ ഇരട്ടി വരെയായി വർധിപ്പിച്ചു. എക്സ്‌ റേ ,സ്കാനിംഗ്‌ , വിവിധ തരം ലാബ്‌ പരിശോധനകൾ മുതലായ സേവങ്ങങ്ങൾക്കുള്ള ഫീസ്‌ നിരക്കുകളിലാണു വർധനവ്‌ വരുത്തിയിരിക്കുന്നത്‌. സന്ദർശക വിസയിൽ എത്തുന്നവർക്ക്‌ ഇതേ സേവനങ്ങൾക്ക്‌ 10 ഇരട്ടിയിലേറെയാണു പുതിയ ഫീസ്‌ ഘടന. വർധനവ്‌ അടുത്ത മാസം പകുതിയോടെ പ്രാബല്യത്തിൽ വരും.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ വിദേശികൾക്ക്‌ നൽകി വരുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ്‌ നിരക്കിലാണു ഗണ്യമായ വർധനവ്‌ വരുത്തിയിരിക്കുന്നത്‌. നിലവിൽ രാജ്യത്ത്‌ കഴിയുന്ന വിദേശികൾ സന്ദർശക വിസയിൽ എത്തുന്നവർ എന്നീ രണ്ടു വിഭാഗങ്ങളായാണു ഫീസ്‌ ഘടന പുതുക്കിനിശ്ചയിച്ചിരിക്കുന്നത്‌. പ്രധാന ആശുപത്രികളിലേക്കുള്ള പ്രവേശന ഫീസ്‌ രണ്ട് ദിനാറിൽ നിന്നും നാല് ദിനാറായി ഉയർത്തി.

എക്സ്‌ റേ പരിശോധനക്ക്‌ നിലവിലെ 10 ദിനാറിൽ നിന്ന് 40 ദിനാറായും സന്ദർശക വിസയിൽ ഉള്ളവർക്കു 90 ദിനാറുമായാണു ഉയർത്തിയിരിക്കുന്നത്‌. സി ടി സ്കാൻ പരിശോധനക്ക്‌ 80 ദിനാറും ,എം ആർ ഐ സ്കാനിങ്ങിന് 120 മാണു പുതിയ നിരക്ക്‌. സന്ദർശക വിസയിലുള്ളവർക്ക്‌ ഇത്‌ യഥാക്രമം 200 ദിനാർ 250 ദിനാർ എന്നിങ്ങനെയായിരിക്കും. വിവിധയിനം ലാബ്‌ പരിശോധനകൾക്കുള്ള ഫീസ്‌ നിരക്കിലും ഗണ്യമായ വർധനവാണു വരുത്തിയിരിക്കുന്നത്‌.

ആരോഗ്യ മന്ത്രാലയം വർഷങ്ങൾക്ക്‌ മുമ്പ്‌ ഏർപ്പെടുത്തിയ ഫീസ്‌ നിരക്കാണു ഇപ്പോൾ ആദ്യമായി പുന ക്രമീകരിച്ചിരിക്കുന്നത്‌. പുതുക്കി നിശ്ചയിച്ച ഫീസ്‌ നിരക്ക്‌ നിലവിൽ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസ്‌ നിരക്കിനേക്കൾ കുറവാണെന്ന് ആരോഗ്യ മന്ത്രി ജമാൽ അൽ ഹറബി അവകാശപ്പെട്ടു.

വിദേശികൾ തങ്ങളുടെ പ്രായമായ ബന്ധുക്കളെ കുവൈത്തിൽ സന്ദർശക വിസയിൽ എത്തിച്ച ശേഷം ആരോഗ്യമന്ത്രാലയത്തിലെ സൗജന്യ നിരക്കിലുള്ള ചികിൽസാ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണു സന്ദർശക വിസയിലുള്ളവരുടെ ഫീസ്‌ നിരക്ക്‌ 10 ഇരട്ടിയിലേറെ വർദ്ധിപ്പിച്ചിരിക്കുന്നതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top