‘400 മീറ്റര്‍ റിലേ വരെ ഞാന്‍ ഒറ്റയ്ക്ക് ഓടിയിട്ടുണ്ട്’; പ്രസംഗം വീണ്ടും പാരയായി; ട്രോള്‍ ഷോക്കില്‍ വിറങ്ങലിച്ച് വൈദ്യുതിമന്ത്രി എംഎം മണി

ട്രോള്‍ ഷോക്കേറ്റ് വൈദ്യുതി മന്ത്രി

ഉടുമ്പന്‍ചോല എംഎല്‍എയും വൈദ്യുത മന്ത്രിയുമായ എംഎം മണിയ്ക്ക് പണി നല്‍കിയത് എന്നും സ്വന്തം പ്രസംഗങ്ങള്‍ തന്നെയാണ്. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് മണിയാശാന്‍ ഉയര്‍ന്നുവന്നത് തന്നെ വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പേരിലാണ്. പ്രസംഗങ്ങള്‍ വീണ്ടും വീണ്ടും മണിയാശാന് പണി കൊടുത്തു കൊണ്ടിരുന്നുവെങ്കിലും അദ്ദേഹം അവസാനം നടത്തിയ പ്രസംഗമാണ് അക്കൂട്ടത്തില്‍ ഏറ്റവും അപകടകരമായത് എന്ന് ഇപ്പോള്‍ അദ്ദേഹത്തിന് തോന്നുന്നുണ്ടാകും.

പൊലീസും കേസും ഒന്നുമുണ്ടാകില്ലെങ്കിലും അതിനേക്കാള്‍ ഭീകരമായ ട്രോള്‍ ആക്രമണമാണ് ഈ പ്രസംഗം കാരണം മണിയാശാന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ട്രോളാനായി എവിടെയെങ്കിലും എന്തെങ്കിലുമുണ്ടോയെന്ന് നോക്കി നടക്കുന്ന ട്രോളന്‍മാരുടെ നാട്ടില്‍ പ്രസംഗിക്കുമ്പോള്‍ ഇനിയെങ്കിലും ആശാന്‍ ശ്രദ്ധിക്കുമായിരിക്കും.

ഇടുക്കി റവന്യു ജില്ല കലോത്സവം ഉദ്ഘാടനം ചെയ്ത് എംഎം മണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കലാ രംഗത്തെ കുറിച്ച് പറയേണ്ട മന്ത്രി കായികരംഗത്തെ കുറിച്ച് വാചാലനായപ്പോള്‍ അമ്പരന്ന സദസ് പിന്നീട് പൊട്ടിച്ചിരിക്കുകയായിരുന്നു.തെറ്റ് മനസിലാക്കി കലയിലേക്ക് തിരിച്ച് വന്നുവെങ്കിലും കറങ്ങിത്തിരിഞ്ഞ് വീണ്ടും കായികരംഗത്തേക്ക് തന്നെയായി പ്രസംഗത്തിന്റെ പോക്ക്.

പ്രമുഖരുടെ നാക്കു പിഴകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ട്രോളന്‍മാര്‍ കൈകാര്യം ചെയ്തിട്ടുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇപി ജയരാജനുമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍. അക്കൂട്ടത്തിലേക്ക് എംഎം മണി കൂടി വന്നപ്പോള്‍ സമ്പന്നമായ മലയാളി ട്രോളന്‍മാരുടെ ഭാവന ഉണര്‍ന്നകാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ കാണുന്നത്.

പ്രസംഗത്തിന് ശേഷം തന്നെ വിളിപ്പിച്ചത് കായിക വകുപ്പ് കൂടി തരാനാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുന്ന മണിയാശാനാണ് ഒരു ട്രോളില്‍ ഉള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 400 മീറ്റര്‍ റിലേ വരെ ഒറ്റയ്ക്ക് ഓടിയ മണിയാശാനാണ് മറ്റൊരു ട്രോളിലുള്ളത്.

ഗ്രൗണ്ടില്‍ ഓടേണ്ടതിന് പകരം സ്റ്റേജില്‍ ഓടിയാലും ഓട്ടന്‍ തുള്ളലിന് മാര്‍ക്ക് കൊടുക്കുമെന്നാണ് മറ്റൊരു ട്രോളിലൂടെ മണിയാശാന്‍ പറയുന്നത്. 14 വയസുള്ളപ്പോള്‍ യുവജനോത്സവത്തിന് വേണ്ടി ലോംഗ് ജമ്പ് പരിശീലിക്കുന്ന മണിയാശാനെ കാണുമ്പോഴാണ് ട്രോളുകളുടെ വന്യത ശരിക്കും മനസിലാകുന്നത്.

മണിയാശാന്റെ മനസിലുള്ള ജാവലിന്‍ ത്രോ മത്സരത്തെ വളരെ രസകരമായാണ് ട്രോളന്‍മാര്‍ അവതരിപ്പിച്ചിരിക്കുന്നത്. കലോത്സവത്തിന്റെ പരിപാടികളുടെ പട്ടികയില്‍ ഷോട്ട്പുട്ടും 100 മീറ്റര്‍ ഓട്ടവും കാണാത്തതില്‍ ആശങ്കപ്പെടുന്ന മണിയാശാനും ഉണ്ട് ട്രോളുകളില്‍.

മലയാളി ട്രോള്‍ മനസുകളില്‍ വിരിഞ്ഞ ചില എംഎം മണി ട്രോളുകള്‍ കാണാം:

 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top