ഗാന്ധിയില്‍ വിരിയുന്ന ഗോഡ്സേ; സിനിമ പ്രതിസന്ധിയെ അതിജീവിച്ച് തിയേറ്ററുകളില്‍ എത്തുന്ന ഗോഡ്സേയുടെ വിശേഷങ്ങളിലേക്ക്

സിനിമ പ്രതിസന്ധിയിലും തളിരിടാന്‍ ഒരുങ്ങുന്ന ചെറു ചിത്രമാണ് ഗാന്ധി പശ്ചാത്തലത്തിലുള്ള ഗോഡ്‌സേ. വിനയ് ഫോര്‍ട്ട് നായകനായ ഗോഡ്‌സേ ശനിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ പൂവണിയുന്നത് വമ്പന്മാരുടെ കുത്തൊഴുക്കിലും പതറാതെ നിന്ന ഷെറി ഗോവിന്ദന്റെയും സംഘത്തിന്റെയും കഠിനാധ്വാനവും പ്രതീക്ഷകളുമാണ്. ഗോഡ്‌സേയെ കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ഷെറി ഗോവിന്ദന്‍ പറയുന്നു-

സിനിമാ പ്രതിസന്ധിയിലും ഗോഡ്‌സെ റിലീസ് ചെയ്യാനുള്ള തീരുമാനം-

ഷെറി ഗോവിന്ദന്‍ (ഫയല്‍ ചിത്രം)

ഇത് നിര്‍മ്മാതാവിന്റെ തീരുമാനമാണ്. എന്തായാലും മലയാളത്തിലെ സിനിമാ സമരമാണ് ചെറു സിനിമകള്‍ക്ക് റിലീസ് ചെയ്യാനുള്ള അവസരം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി സിനിമ റിലീസ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ താരങ്ങളില്ലെന്നും താരസംവിധായകരില്ലെന്നും ചൂണ്ടിക്കാട്ടി തിയേറ്ററുകള്‍ സിനിമ റിലീസ് ചെയ്യാന്‍ വിസമ്മതിച്ചു. കേരളത്തില്‍ സമാന്തര തിയേറ്ററുകള്‍ നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം, വരും കാലങ്ങളില്‍ ചെറു സിനിമകള്‍ക്ക് കരുത്തേകും. ചെറു സിനിമകള്‍ എന്നും തിയേറ്ററുകളില്‍ ഇടം നേടാന്‍ പാട് പെടുകയാണ്. അതിനാല്‍, സമാന്തര സിനിമകള്‍ക്ക് ഇത് ഊര്‍ജ്ജം പകരും. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം സ്വഗാതാര്‍ഹമാണ്.

മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗങ്ങളല്ലാത്ത സന്തോഷ് മാണിക്കോത്തും, ഇ പി ദിനേശ് നമ്പ്യാരും ചേര്‍ന്നാണ് ഗോഡ്‌സെ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാലാണ് ഫെഡറേഷന്റെ തിയേറ്ററുകളില്‍ ഉള്‍പ്പെടെ ഗോഡ്‌സേ റിലീസ് ചെയ്യാന്‍ സാധിക്കുന്നത്.

ഗോഡ്‌സെയും ഗാന്ധിസവും-

യഥാര്‍ത്ഥത്തില്‍ ഇത് ഗോഡ് സെയ്‌സ് എന്നാണ്. ദൈവം പറയുന്നൂവെന്നാണ് അര്‍ത്ഥം വെയ്ക്കുന്നത്. ഗാന്ധിസത്തിലേക്ക് ആകൃഷ്ടനാകുന്ന അരാജകവാദിയായ ഹരിശ്ചന്ദ്രന്റെ കഥയാണ് ഗോഡ്‌സേ. ആകാശവാണിയില്‍ ഗാന്ധി മാര്‍ഗം എന്ന പരിപാടിയും തുടര്‍ന്ന് ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളും ഗോഡ്‌സേ പറയുന്നു.

1991-92 കാലഘട്ടത്തെ കോഴിക്കോട്ടിനെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തില്‍ മുഖ്യ കഥാപാത്രമായ ഹരിശ്ചന്ദ്രനെ അവതരിപ്പിക്കുന്നത് വിനയ് ഫോര്‍ട്ടാണ്. ഉദാരവത്കരണത്തിന് തൊട്ടു മുമ്പും അതിന് ശേഷമുള്ള കഥാ പശ്ചാത്തലത്തിലാണ് ഗോഡ്‌സെ ഒരുങ്ങിയിട്ടുള്ളത്.

ഹരിശ്ചന്ദ്രനായി വേഷമിടുന്ന വിനയ് ഫോര്‍ട്ടിനെ കുറിച്ച്-

ഗാന്ധി മാര്‍ഗം പിന്തുടരുന്ന ഹരിശ്ചന്ദ്രനെ വിനയ് ഫോര്‍ട്ട് മികവോടെയാണ് അവതരിപ്പിച്ചത്. രൂപം കൊണ്ടും ശബ്ദം കൊണ്ടും മികച്ച നടനാണ് വിനയ് ഫോര്‍ട്ട്. മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാള്‍ തന്നെയാണ് വിനയ് ഫോര്‍ട്ട്. വിനയ് ഫോര്‍ട്ടിന് പുറമെ മാമ്മുക്കോയ, ഇന്ദ്രന്‍സ്, ജോയ് മാത്യു ഉള്‍പ്പെടെയുള്ളവരും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗോഡ്‌സെയിലെ രാഷ്ട്രീയം-

തീര്‍ച്ചയായും ഗോഡ്‌സേ ഒരു രാഷ്ട്രീയ ചിത്രമാണ്. കേന്ദ്ര കഥാപാത്രമായ ഹരിശ്ചന്ദ്രന്‍ ഗാന്ധിസത്തോട് അകന്ന് നില്‍ക്കുകയും പിന്നീട് ആ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നു. ഗാന്ധിസം പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അയാള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവഗണനകള്‍, അരാഷ്ട്രീയവത്കരണം എന്നിവയെപ്പറ്റിയാണ് ഗോഡ്‌സേ പറയുന്നത്.

ഗോഡ്‌സെയ്ക്ക് പിന്നിലെ സംയുക്ത സംവിധാനത്തെ കുറിച്ച്-

ഞാനും സഹോദരന്‍ ഷൈജു ഗോവിന്ദനും ഒരുമിച്ചാണ് ഗോഡ്‌സേയെ ഒരുക്കിയത്. എന്നില്‍ നിന്നും വ്യത്യസ്തമായി ഷൈജുവിന് മുഖ്യധാരാ സങ്കല്‍പമാണ് ഉള്ളത്. ഇത് സിനിമയുടെ ചിത്രീകരണത്തില്‍ നിര്‍ണായകമായിരുന്നു. ഷൈജുവിന്റെ ആദ്യ സംവിധാന സംരഭമാണ് ഗോഡ്‌സെ. ടി എന്‍ പ്രകാശിന്റെ ഗാന്ധിമാര്‍ഗം എന്ന പുസ്തകത്തിനെ ആസ്പമാക്കിയാണ് ഗോഡ്‌സേയ്ക്ക് ഞാന്‍ തിരക്കഥ ഒരുക്കിയത്.

ആദിമധ്യാന്തം, 21 മത് ഐഎഫ്എഫ്‌കെയില്‍ ഗോഡ്‌സേയുമായി എത്തിയ ഷെറി ഗോവിന്ദന്റെ ആദ്യ സിനിമയായിരുന്നു . 2011 ലായിരുന്നു ചിത്രം ചലച്ചിത്രോത്സവത്തിലെ മത്സവിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. പക്ഷെ, അന്നത്തെ സിനിമാ മന്ത്രിയും അക്കാദമി അധ്യക്ഷനും അനധികൃതമായി ഇടപെട്ട് സിനിമയുടെ എന്‍ട്രി അട്ടിമറിച്ചുവെന്ന് പരക്കെ ആരോപണമുയര്‍ന്നു. സിനിമയ്ക്ക് വേണ്ടി മേളയാകെ കലാപസമാനമായ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. അന്ന് അക്കാദമി അധ്യക്ഷന്‍ പ്രിയദര്‍ശന് നേരെ ഫെസ്റ്റിവല്‍ ബുക്ക് പോലും എറിയുന്ന സാഹചര്യമുണ്ടായി. പ്രിയദര്‍ശന്റെ സിനിമകളെക്കുറിച്ചും കളിയാക്കിക്കൊണ്ടുള്ള സജീവ ചര്‍ച്ചകള്‍ക്കും എെഎഫ്എഫ്കെ സാക്ഷ്യം വഹിച്ചു. പിന്നീട് ഷെറിക്ക് ഇതേസിനിമയ്ക്ക് ദേശീയ അംഗീകാരവും ഷെറിക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. 

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top