കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ കായിക രംഗത്തെ കുറിച്ച് പ്രസംഗിച്ച് മന്ത്രി എംഎം മണി; വാപൊളിച്ച് സദസ്യര്‍

ഫയല്‍ ചിത്രം

തൊടുപുഴ: മന്ത്രി എംഎം മണിയ്ക്ക് നാക്കുപിഴ പുതുമയുള്ള കാര്യമല്ല. പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും മാറിപ്പോകാറുണ്ട്. പല വേദികളിലും പറയേണ്ടതായിരിക്കില്ല പറയുക. അതിന്റെ കുഴപ്പങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. അതിന് ഇപ്പൊഴും മാറ്റം ഒന്നുമില്ല. കഴിഞ്ഞ ദിവസവും മന്ത്രിക്ക് നാക്കു പിഴച്ചു. കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മണിയാശാന്‍ പ്രസംഗിച്ചത് കായിക രംഗത്തെ കുറിച്ച്. അതും സ്വന്തം ജില്ലയില്‍.

ഇടുക്കി റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയായിരുന്നു സ്ഥലം. ഉദ്ഘാടന പ്രസംഗത്തിനെത്തിയ മന്ത്രിക്ക് പക്ഷെ പിഴച്ചു. കലാരംഗത്തെ കുറിച്ച് പറയേണ്ടതിന് പകരം ഇന്ത്യയുടെ കായിക ചരിത്രത്തെ കുറിച്ച് പറഞ്ഞ് മുന്നേറി. ഇന്ത്യ മെഡല്‍ നേടാത്തതും ആഫ്രിക്കവരെ മെഡല്‍ നേടുന്നതും മന്ത്രി വെച്ചുകാച്ചി.

“പിടി ഉഷ, ഷൈനി എബ്രഹാം, പ്രീജാ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വ്വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍, ഇന്ത്യയ്ക്ക് വല്ല ഓടോ വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്ന് പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്”. മന്ത്രി ഇങ്ങനെ പറഞ്ഞ് കസറിയപ്പോള്‍ സദസിലും വേദിയിലും ഉള്ളവര്‍ വാ പൊളിച്ചു.

പറ്റിയ തെറ്റ് മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ പ്രസംഗം കലോത്സവത്തിലേക്ക് മാറ്റി. എന്നാല്‍ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. വീണ്ടും കറങ്ങിത്തിരിഞ്ഞ് കായിക രംഗത്തേക്കെത്തി. കായികോത്സവങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന തുകയെ കുറിച്ച് പറഞ്ഞ മന്ത്രി വീണ്ടും കലാരംഗത്തേക്ക് വന്നു. ഒടുവില്‍ കലാമാമാങ്കത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസ അര്‍പ്പിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top