‘ധോണി ഭായ്, നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ നായകന്‍’; ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ കൂളിന് വിരാടിന്റെ വികാരനിര്‍ഭരമായ സന്ദേശം

ദില്ലി: ഇന്ത്യന്‍ ഏകദിന, ട്വന്റി ട്വന്റി ക്രിക്കറ്റ് ടീം നായക സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിക്ക് വിരാട് കോഹ്ലിയുടെ വികാരനിര്‍ഭരമായ ട്വിറ്റര്‍ സന്ദേശം. നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ ക്യാപ്റ്റനെന്നായിരുന്നു വിരാടിന്റെ സന്ദേശം.

ഞങ്ങളുടെ ലീഡര്‍ ആയതിന് നന്ദി. നിങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ യുവതാരങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങള്‍ തന്നെയാണ് എപ്പോഴും എന്റെ നായകന്‍. വിരാട് ട്വിറ്ററില്‍ കുറിച്ചു.

അനിവാര്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് പടിയിറങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

ധോണിയുടെ തിരുമാനം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് സ്വീകരിച്ചത്. ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉടന്‍ തെറിക്കുമന്ന് ചില ആക്ഷേപങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തിലോരു തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. 200 ഏകദിന മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റന്‍ എന്ന ബഹുമതി സ്വന്തമാക്കാന്‍ കേവലം ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ധോണി നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.

നിരവധി സന്ദേശങ്ങളും ആശംസകളുമാണ് തീരുമാനം പ്രഖ്യാപിച്ചതു മുതല്‍ ധോണിയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവഹിക്കുന്നത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top