ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഏകദിന, ട്വന്റി20 നായകനായി വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കും

ഫയല്‍ ചിത്രം

മുംബൈ : ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദിന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുക. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും, സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീംകോടതി പുറത്താക്കിയ സാഹചര്യത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയാണ് സെലക്ഷന്‍ കമ്മിറ്റി യോഗം വിളിച്ചത്.

ലോധ സമിതി നിര്‍ദേശിച്ച മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങളും അയോഗ്യതയുടെ പരിധിയില്‍ വരും. ഈ സാഹചര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചേരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി രാഹുല്‍ ജോഹ്രി ബുധനാഴ്ച ലോധ സമിതിയിക്ക് കത്തയച്ചിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഇത്തവണ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ടീമിനെ തെരഞ്ഞെടുക്കാന്‍ ലോധ സമിതി രാഹുല്‍ ജോഹ്രിയോട് നിര്‍ദേശിക്കുകയായിരുന്നു. ബിസിസിഐയ്ക്ക് സെക്രട്ടറിയും പ്രസിഡന്റും ഇല്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ ജോഹ്രിയുടെ അധ്യക്ഷതയില്‍ സെലക്ഷന്‍ കമ്മിറ്റി ചേരാനും ലോധ സമിതി നിര്‍ദേശം നല്‍കുകയായിരുന്നു.

സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേയ്ക്ക് വിരാട് കോഹ്ലിയെയും ക്ഷണിച്ചിട്ടുണ്ട്. ഇതോടെ മഹേന്ദ്രസിംഗ് ധോണി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ വിരാട് കോഹ്‌ലിയെ ഏകദിന, ട്വന്റി20 നായകനായി തെരഞ്ഞെടുക്കുമെന്നുറപ്പായി. ബിസിസിഐ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് പുറമേ, കോച്ച്, ക്യാപ്ടന്‍ എന്നിവരെയാണ് സാധാരണയായി സെലക്ഷന്‍ കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിക്കാറുള്ളത്.

ടെസ്റ്റ്, ഏകദിന, ട്വന്റി20 എന്നിങ്ങനെ മൂന്നു ഫോര്‍മാറ്റിലും കോഹ്‌ലി നായകനാകും. നായകസ്ഥാനം ഒഴിഞ്ഞ ധോണി കളിക്കാരനായി ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 10, 12 തീയതികളില്‍ ഇന്ത്യ എയ്‌ക്കെതിരായ പരിശീലന മല്‍സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഏകദിന മല്‍സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ജനുവരി 15 ന് പൂനെയിലാണ് ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനം. ജനുവരി 19 ന് കട്ടക്ക്, 22 ന് കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മല്‍സരങ്ങള്‍. മൂന്ന് ട്വന്റി20 മല്‍സരങ്ങളും ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top