സിപിഐഎം കേന്ദ്രക്കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം; ദേശീയ രാഷ്ട്രീയ സാഹചര്യവും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുഖ്യ അജണ്ട, വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചേക്കും

ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഐഎമ്മിന്റെ മൂന്നുദിവസത്തെ കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂര്‍ മോഡല്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഹൈസിന്ത് ഹോട്ടലിലാണ് യോഗം. രാവിലെ പത്തിന് യോഗം ആരംഭിക്കും. ദേശീയ രാഷ്ട്രീയ സാഹചര്യവും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളുമാകും യോഗത്തിന്റെ മുഖ്യ അജണ്ട. ഇതാദ്യമായാണ് തിരുവനന്തപുരത്ത് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി യോഗം ചേരുന്നത്.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധിയും പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ ക്രമാതീതമായ വില വര്‍ധനയും ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയാകും. നോട്ട് പ്രതിസന്ധിയില്‍ തുടര്‍സമരങ്ങള്‍ക്കും യോഗം രൂപം നല്‍കും. ഭക്ഷ്യഭദ്രതയുടെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് റേഷനരി നിഷേധിക്കുന്നതു പോലുള്ള പ്രാദേശിക ജനകീയ പ്രശ്‌നങ്ങളും ഉയര്‍ന്നുവരും.

വി.എസ്. അച്യുതാനന്ദന്റെ അച്ചടക്കലംഘനം അന്വേഷിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തേക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ അജന്‍ഡയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്നലെ ചേര്‍ന്ന പിബി യോഗം ഉള്‍പ്പെടുത്തി.
എന്നാല്‍, ഇന്ന് കേന്ദ്രകമ്മിറ്റിക്കു മുമ്പ് ചേരുന്ന അവയ്‌ലബിള്‍ പിബി യോഗത്തിലേ കമ്മീഷന്‍ റിപ്പോര്‍ട്ടു ചര്‍ച്ചയ്‌ക്കെടുക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. കേരളത്തില്‍ ഗുരുതരമായ സംഘടനാ വിഷയങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയ്‌ക്കെടുക്കേണ്ടെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്‌ക്കെന്നാണ് സൂചന.

ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജനും, പി കെ ശ്രീമതിയ്ക്കും എതിരെ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും.

കേരളം, ത്രിപുര സംസ്ഥാനങ്ങളിലെ ഭരണം സംബന്ധിച്ചുള്ള വിലയിരുത്തലും കേന്ദ്ര കമ്മിറ്റി നടത്തും. അതിനുമുമ്പായി ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ ഭരണത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം നല്‍കിയ കത്തും കേന്ദ്ര കമ്മിറ്റി പരിഗണിച്ചേക്കും.

കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനം ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top