special page

വിദേശി തൊഴിലാളികളെ എലിയോട് ഉപമിച്ച കാര്‍ട്ടൂണിനെതിരെ സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്

റിയാദ്: വിദേശി തൊഴിലാളികളെ എലിയോട് ഉപമിച്ച കാര്‍ട്ടൂണിനെതിരെ സൗദിയിലെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. മാനുഷിക മൂല്യങ്ങളെ ഹനിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് മനുഷ്യാവകാശ കമ്മീഷന്‍ കുറ്റുപ്പെടുത്തി. വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

വിദേശ തൊഴിലാളികളെ പരാമര്‍ശിച്ച് സൗദി അറേബ്യയിലെ ഒരു പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ആണ് വിവാദമായിരിക്കുന്നത്. മാനുഷിക മൂല്യത്തെ ഹനിക്കുന്നതും മതവിരുദ്ധവുമാണ് കാര്‍ട്ടൂണ്‍ എന്ന് സൗദി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വെളിപ്പെടുത്തി.

സൗദി അറേബ്യ മറ്റു രാജ്യങ്ങളുമായി ധാരണയിലായ പരസ്പര ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കണമെന്ന കരാറുകള്‍ക്ക് വിരുദ്ധമാണ് വിവാദ കാര്‍ട്ടൂണ്‍. ആയതിനാല്‍ താമസിയാതെ വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ സാലിഹ് ഖസ്‌ലാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഒരു പ്രമുഖ പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ജോലിയന്വേഷിച്ചു കയറിലൂടെ ഊന്നി ഇറങ്ങുന്ന ഒരു സ്വദേശി തൊഴിലാളിയുടെ കയര്‍ കാര്‍ന്ന് തിന്നുന്ന ഏലിയായാണ് വിദേശി തൊഴിലാളികളെ ഉപമിച്ചത്.

കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കാര്‍ട്ടൂണിനെ മനുഷ്യാവകാശ ലംഘനമായും വിഭാഗീയതയുടേയും സങ്കുചിത ചിന്തയുടെ ഫലമായി ഉണ്ടായതാണെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ രാജൃത്തെ ശരിയായ സാഹചര്യത്തെ വരച്ചുകാട്ടുക മാത്രമാണ് കാര്‍ട്ടൂണിലൂടെ ഉണ്ടായതെന്നും തൊഴില്‍ വിപണി വിദേശികളുടെ ആധിപത്യത്തിലാണെന്നും ഒരു സ്വദേശിക്കുണ്ടായേക്കാവുന്ന അനുഭവമാണ് അത് വിളിച്ചുപറയുന്നതെന്നുമാണ് മറുഭാഗം വാദിക്കുന്നത്.

ഏതായാലും കാര്‍ട്ടൂണ്‍ വരച്ചയാളെയും പത്രത്തെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിക്കയും വിവാദ കാര്‍ട്ടൂണ്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top