കാറുകളുടെ ആക്‌സസറീസും പാര്‍ട്‌സുകളും മോഷ്ടിക്കുന്ന സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

റിയാദ്: നിര്‍ത്തിയിടുന്ന ആഡംബര കാറുകളുടെ ആക്‌സസറീസും പാര്‍ട്‌സുകളും മോഷ്ടിക്കുന്ന സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്‍മാരായ ഏഴംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

നാലു പാക് പൗരന്മാരെയും മൂന്നു ബംഗ്‌ളാദേശികളെയുമാണ് അറസ്റ്റു ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ അറിയിച്ചു. നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ വിലപിടിപ്പുളള ആക്‌സസറീസും  പാര്‍ട്‌സുകളും അഴിച്ചുമാറ്റി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. നിരവധി വാഹനങ്ങള്‍ മോഷ്ടിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.സൗദി പൗരന്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു രണ്ടുമാസത്തിലേറെയായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

പരാതികള്‍ നല്‍കിയവരുടെ താമസ സ്ഥലത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസ് നേരത്തെ ശേഖരിച്ച വിരലടയാളം സംഘത്തെ തിരിച്ചറിയാന്‍ സഹായിച്ചു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നു വാഹനങ്ങളുടെ പാര്‍ട്‌സുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റീരിയോ സൗണ്ട് സിസ്റ്റവും കണ്ടത്തെി. ഇവര്‍  വില്‍പന നടത്തിയ കാറുകളും പാര്‍ട്‌സുകളും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. ഇവരെ തുടര്‍ നടപടികള്‍ക്കായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top