ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിളക്കോട് പാറക്കണ്ടത്തെ വലിയവളപ്പില്‍ സദാനന്ദനും കുടുംബവുമാണ് മരിച്ചത്. മൂത്ത മകള്‍ കോളേജില്‍ പോയ സമയത്തായിരുന്നു സംഭവം. ഇന്നുരാവിലെ പതിനൊന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സദാനന്ദന്‍, ഭാര്യ ശ്രീജ, മകള്‍ അനുനന്ദ എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിളക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അനുനന്ദ. മൂത്ത മകള്‍ അഖില ഇരിട്ടിയിലെ ഒരു കോളേജില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. അറില കോളേജില്‍ പോയ ശേഷം സദാനന്ദനും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

വീട് അടഞ്ഞുകിടക്കുന്നതു കണ്ട് പരിശോധിച്ച ബന്ധുവാണ് മരണവിവരം ആദ്യമറിഞ്ഞത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി ഡിവൈഎസ്പിയും സിഐയുമടങ്ങുന്ന സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂത്തമകളുടെ പ്രണയബന്ധത്തെ ചൊല്ലി രാവിലെ വീട്ടില്‍ ചില വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top