ബംഗലൂരു പുതുവത്സര അതിക്രമം; ‘തലതാഴ്‌ത്തേണ്ടത് ഇന്ത്യ, വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെ’ന്ന് മഞ്ജു വാര്യര്‍

കൊച്ചി: പുതുവത്സര ദിനത്തില്‍ ബംഗലൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗീകാതിക്രമം തന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്ന് മഞ്ജു വാര്യര്‍. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ് തോന്നുന്നതെന്ന് മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബംഗലൂരുവിലുണ്ടായ സംഭവം ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്‌ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും തന്നെ വേദനിപ്പിച്ചുവെന്ന് മഞ്ജു പറഞ്ഞു.വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക എന്ന് മഞ്ജു ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top