‘തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് നല്ല ഭക്ഷണം കഴിച്ചൂടെ’; പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനെതിരെയുള്ള വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം നേതാക്കള്‍


തിരുവനന്തപുരം:പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയോഗം തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തുന്നതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം ജില്ലാ നേതാക്കള്‍ രംഗത്ത്. തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടി നേതാക്കള്‍ക്ക് നല്ല ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് നേതാക്കള്‍ ചോദിച്ചു.

സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ യോഗത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് തിരുവനന്തപുരത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനെതിരായ വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.

ഒരുപാട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ള തൊണ്ണൂറോളം പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അത് കൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് യോഗം നടത്തുന്നതെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ദിവസ വാടക കുറവുള്ള കെടിഡിസി നിയന്ത്രണത്തിലുള്ള മസ്കറ്റ് ഹോട്ടലില്‍ എന്ത് കൊണ്ട് യോഗം നടന്നില്ല എന്ന ചോദ്യത്തിന് മസ്‌കറ്റ് ഹോട്ടല്‍ ഇപ്പോള്‍ എടുക്കാന്‍ പറ്റില്ല എന്നായിരുന്നു നേതാവിന്റെ മറുപടി.

സിപിഐഎം പോലുള്ള പാര്‍ട്ടി ആഢംബര ഹോട്ടലില്‍ പരിപാടി നടത്തുന്നത് തെറ്റല്ലേയെന്ന ചോദ്യത്തോട്, ‘തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് നല്ല ഭക്ഷണം കഴിച്ചൂടെ’ എന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതികരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top