പ്രിഥ്വി ഷാ തിളങ്ങി; തമിഴ്‌നാടിനെ തകര്‍ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലില്‍

ദില്ലി : കൗമാരതാരം പ്രിഥ്വി ഷാ രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ത്തന്നെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കരുത്തരായ മുംബൈ രഞ്ജി ട്രോഫിയുടെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. തമിഴ്‌നാട് മുന്നോട്ടുവെച്ച 251 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച പ്രിഥ്വിയാണ് മുംബൈയുടെ അനായാസ വിജയത്തിന് പിന്നില്‍.


152 പന്തില്‍ സെഞ്ച്വറി നേടിയ പ്രിഥ്വി 175 പന്തില്‍ 120 റണ്‍സെടുത്ത് വിജയം ഉറപ്പാക്കിയശേഷമാണ് പുറത്തായത്. ആഷിക് ശ്രീനിവാസിന്റെ പന്തില്‍ നടരാജന്‍ പിടിച്ചാണ് പ്രിഥ്വി പുറത്തായത്. 40 റണ്‍സെടുത്ത മറ്റൊരു യുവതാരം ശ്രേയസ്സ് അയ്യര്‍ പ്രിഥ്വിയ്ക്ക് മികച്ച പിന്തുണ നല്‍കി.


17 വയസ്സുകാരനായ പ്രിഥ്വി ഷായെ സെമിഫൈനലിന് തൊട്ടുമുമ്പാണ് ടീമിലുള്‍പ്പെടുത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമോല്‍ മജുംദാര്‍, അജിന്‍ക്യ രഹാനെ, ജതിന്‍ പരഞ്ജ്‌പെ, സമീര്‍ ദിഗെ, തുടങ്ങി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിനൊപ്പമെത്തി പ്രിഥ്വി ഷാ. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ത്തന്നെ സെഞ്ച്വറി നേടുന്ന 14 ആമത്തെ താരമായി പ്രിഥ്വി. പ്രിഥ്വി തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യ ഇന്നിംഗ്‌സില്‍ തമിഴ്‌നാട് 305 റണ്‍സെടുത്തപ്പോള്‍ മുംബൈ 411 റണ്‍സെടുത്ത് 106 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടി. എന്നാല്‍ രണ്ടാമിന്നിംഗ്‌സില്‍ തമിഴ്‌നാട് അഭിനവ് മുകുന്ദിന്റെയും, ബാബാ ഇന്ദ്രജിത്തിന്റെയും സെഞ്ച്വറിയുടെ മികവില്‍ 356 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മുംബൈയുടെ 46 ആം രഞ്ജി ഫൈനലാണിത്. 41 തവണ രഞ്ജി കിരീടം നേടിയ മുംബൈ 42 ആം കിരീടത്തിന് ഒരു മല്‍സരം മാത്രം അകലെയെത്തിയിരിക്കുകയാണ്. ജനുവരി 10 ന് നടക്കുന്ന ഫൈനലില്‍ ഗുജറാത്താണ് മുംബൈയുടെ എതിരാളികള്‍.

സ്‌കോര്‍ : തമിഴ്‌നാട് 305, 356/ 6 ഡിക്ലയേര്‍ഡ്

മുംബൈ 411, നാലു വിക്കറ്റ് നഷ്ടത്തില്‍ 251

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top