ഒരു വര്‍ഷത്തോളം സ്റ്റെതസ്‌ക്കോപ്പും ഓവര്‍ക്കോട്ടുമിട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിലസി; ആള്‍മാറാട്ടത്തിന് കാരണം ഡോക്ടറാകാനുളള ആഗ്രഹമെന്ന് പ്രതി പൊലീസിനോട്

മലപ്പുറം:എംബിബിഎസ് വിദ്യാര്‍ത്ഥി ചമഞ്ഞ് ഒരു വര്‍ഷത്തോളം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിലസിയ യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ഷിബിനാണ് വ്യാജ വിദ്യാര്‍ത്ഥിയായി കാമ്പസില്‍ വിലസിയത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് പൊലീസ് കേസെടുത്തു

സ്റ്റെതസ്‌കോപ്പും ഓവര്‍ക്കോട്ടുമണിഞ്ഞാണ് ഇയാള്‍ കാമ്പസിലും ആശുപത്രിയിലും വരാറുളളതെന്നാണ് ജീവനക്കാരും വിദ്യാര്‍ത്ഥികളും പറയുന്നത്. അതുകൊണ്ടുതന്നെ ഒരു വര്‍ഷമായിട്ടും ആര്‍ക്കും ഇയാളെക്കുറിച്ച് സംശയം ഒന്നും തോന്നിയില്ല. ക്ലാസില്‍ കയറാതെ ഫാര്‍മസി, ലാബ്, ഒപി വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഈ വിരുതന്റെ കറക്കം. കയ്യില്‍ എപ്പോഴും മെഡിക്കല്‍ പുസ്തകങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതേയില്ല.

ഇടക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളോട് ഇയാള്‍ സംശയങ്ങള്‍ ചോദിക്കാറുണ്ടത്രേ. എന്നാല്‍ ക്ലാസില്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ക്ലാസ് സമയത്ത് ഇയാളെ ആശുപത്രിയില്‍ കണ്ടതിനെതുടര്‍ന്ന് ജീവനക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ മറുപടി പറയാതെ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ മോശം സാമ്പത്തികാവസ്ഥ പറഞ്ഞ് പുസ്തകം വാങ്ങാന്‍ ഇയാള്‍ ജീവനക്കാരുടെ ഉള്‍പ്പടെ സഹായം തേടിയിരുന്നു

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാരില്‍ ചിലര്‍ ഇയാളെ ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് കളളി വെളിച്ചത്തായത്. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാള്‍ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുളളു. ഡോക്ടറാകാനുളള അതിയായ മോഹമാണ് വ്യാജ വിദ്യാര്‍ത്ഥി ചമയാനുളള കാരണമെന്നാണ് ഇയാള്‍ പറയുന്നത്. മഞ്ചേരി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top