special page

ഡോണള്‍ഡ് ട്രംപ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചര്‍ച്ച നടത്തി

ട്രംപ്, അന്റോണിയോ ഗുട്ടെറസ്സ്

വാഷിംഗ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചര്‍ച്ച നടത്തി. ഗുട്ടെറസുമായി ട്രംപ് ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്ന കാര്യം യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖാണ് പുറത്തു വിട്ടത്. അമേരിക്കയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ട്രംപിന്റെ വക്താവ് സീന്‍ സ്‌പൈസറും ട്രംപും ഗുട്ടെറസ്സും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തിയ കാര്യം സ്ഥിരികരിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു.

നേരത്തെ ഐക്യരാഷ്ട്രസഭയെ ട്രംപ് നിശിതമായി വിമര്‍ശിച്ചിരുന്നു. യുഎന്‍ നയപരിപാടികളിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നായിരുന്നു ട്രംപ് അഭിപ്രായപ്പെട്ടത്. അമേരിക്കയുടെ നികുതിപ്പണത്തിന്റെ ബഹുഭൂരിപക്ഷവും നേടുന്ന യുഎന്‍ കൂടുതല്‍ കാര്യക്ഷമത കാണിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

വളരെയധികം സാധ്യതകളുണ്ടായിട്ട് പോലും ആളുകള്‍ക്ക് ഒരുമിച്ച് കൂടി ഇരുന്ന് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ പറ്റിയ ക്ലബ്ബ് മാത്രമായിരിക്കുകയാണ് ഐക്യരാഷ്ട്ര സഭ. വളരെ ദുഖകരമായ അവസ്ഥയാണ് ഇത്. എന്നാല്‍ ജനുവരി 20ന് ശേഷം ഐക്യരാഷ്ട്ര സഭയിലെ കാര്യങ്ങള്‍ മാറി മറിയുമെന്നും ട്രംപ് പറഞ്ഞു. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന അനധികൃത കുടിയേറ്റങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലക്ക് ഇത് എതിരാണെന്നും വ്യക്തമാക്കുന്ന രക്ഷാസമിതി പ്രമേയം പാസ്സായതിന് പിന്നാലെയായിരുന്നു യുഎന്നിനെതിരെ ട്രംപ് രംഗത്തെത്തിയത്.

ജനുവരി ഒന്നിനാണ് ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭാ തലവനായി ചുമതലയേറ്റത്. ഈ മാസം 20 നാണ് അമേരിക്കയുടെ പ്രസിഡന്റായി ഡെണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top