ജാര്‍ഖണ്ഡിനെ തകര്‍ത്ത് ഗുജറാത്ത് രഞ്ജിട്രോഫി ഫൈനലില്‍

ഗുജറാത്ത് ടീമിന്റെ ആഹ്ളാദപ്രകടനം

നാഗ്പൂര്‍ : ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയുടെ മികവില്‍ ഗുജറാത്ത് രഞ്ജിട്രോഫിയുടെ ഫൈനലില്‍ കടന്നു. ജാര്‍ഖണ്ഡിനെ 123 റണ്‍സിന് തകര്‍ത്താണ് ഗുജറാത്ത് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 235 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ജാര്‍ഖണ്ഡിനെ 111 റണ്‍സിന് കെട്ടുകെട്ടിച്ചാണ് ഗുജറാത്ത് ഫൈനലില്‍ കടന്നത്.

29 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് രണ്ടാമിന്നിംഗ്‌സില്‍ ജാര്‍ഖണ്ഡിന്റെ ഫൈനല്‍ മോഹം തകര്‍ത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ പി സിംഗ് ബുമ്രയ്ക്ക് മികച്ച പിന്തുണ നല്‍കി. മല്‍സരത്തില്‍ ആകെ ബുമ്ര ഏഴു വിക്കറ്റ് കരസ്ഥമാക്കിയപ്പോള്‍ സിംഗ് ഒമ്പത് വിക്കറ്റ് നേടി.

81 റണ്‍സെടുത്ത മന്‍പ്രീത് ജുനേജയുടെയും, 51 റണ്‍സെടുത്ത ചിരാഗ് ഗാന്ധിയുടെയും മികവില്‍ ഗുജറാത്ത് രണ്ടാം ഇന്നിംഗ്‌സില്‍ 252 റണ്‍സെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ 18 റണ്‍സിന്റെ ലീഡ് നേടിയിരുന്ന ജാര്‍ഖണ്ഡിന് ജയിക്കാന്‍ 235 റണ്‍സെടുത്താല്‍ മതിയായിരുന്നു. എന്നാല്‍ ബുമ്രയുടെയും ആര്‍ പി സിംഗിന്റെയും കണിശതയ്ക്ക് മുന്നില്‍ ജാര്‍ഖണ്ഡിന്റെ ഫൈനല്‍ മോഹം ചിതറി. 24 റണ്‍സെടുത്ത കൗശല്‍ സിംഗിന് മാത്രമേ ജാര്‍ഖണ്ഡ് നിരയില്‍ ഗുജറാത്ത് ആക്രമണത്തെ പ്രതിരോധിക്കാനായുള്ളൂ.

രഞ്ജിയില്‍ ഗുജറാത്തിന്റെ രണ്ടാം ഫൈനലാണിത്. 1950 ലാണ് ഗുജറാത്ത് ഇതിന് മുമ്പ് ഫൈനലില്‍ കടന്നത്. എന്നാല്‍ ഫൈനലില്‍ ഹോള്‍ക്കറോട് 189 റണ്‍സിന് പരാജയപ്പെടുകയായിരുന്നു. മുംബൈ-തമിഴ്‌നാട് സെമി ഫൈനല്‍ വിജയിയെ രഞ്ജി ഫൈനലില്‍ ഗുജറാത്ത് നേരിടും. ഈ മാസം 10 നാണ് ഫൈനല്‍ മല്‍സരത്തിന് തുടക്കമാകുക.

സ്‌കോര്‍ ഗുജറാത്ത് 390, 252, ജാര്‍ഖണ്ഡ് 408, 111

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top