മനുഷ്യശരീരത്തില്‍ ‘ഒളിച്ചിരുന്ന’ പുതിയ അവയവത്തെ കണ്ടെത്തി ഐറിഷ് ശാസ്ത്രജ്ഞര്‍

പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീ

ലണ്ടന്‍: അനാട്ടമി ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഇനി തിരുത്താം. മനുഷ്യശരീരത്തിലെ ഇതുവരെ തിരിച്ചറിയാതെ പോയ അവയവത്തെ ഐറിഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ മനുഷ്യശരീരത്തിലെ അവയവങ്ങളുടെ ആകെ എണ്ണം 78-ല്‍ നിന്ന് 79 ആയിരിക്കുകയാണ്.

‘മെസെന്ററി’ എന്നാണ് അവയവക്കൂട്ടത്തിലെ പുതിയ അതിഥിയുടെ പേര്. ഇത്രയും കാലം കണ്‍വെട്ടത്ത് തന്നെ ഉണ്ടായിരുന്നുവെങ്കിലും മെസെന്ററിയെ അവയവമായി കണക്കാക്കിയിരുന്നില്ല. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗമായ അവയവങ്ങളുടെ കൂട്ടമാണ് ഇതെന്നാണ് ഇത്രയും കാലം കരുതിയിരുന്നത്.

എന്നാല്‍ അത് തെറ്റാണെന്നും ഇത് ഒറ്റ അവയവമാണെന്നും ഇപ്പോള്‍ കണ്ടെത്തിയത് അയര്‍ലന്‍ഡില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തിയത്. ഉദര ഭിത്തിയായ പെരിട്ടോണിയത്തോട് കുടലിനേയും മറ്റും ചേര്‍ത്ത് നിര്‍ത്തുന്ന സ്തരങ്ങളുടെ മടക്കുകളാണ് മെസെന്ററി. ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജറി പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ശരീരശാസ്ത്ര രംഗത്തെ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

എന്നാല്‍ ഈ അവയവത്തിന്റെ ധര്‍മ്മം എന്താണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. മെസെന്ററി അവയവമാണെന്ന് തിരിച്ചറിയപ്പെട്ടതോടെ ഇതേ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി പുതിയ ശാസ്ത്രശാഖ തന്നെ രൂപീകരിക്കുമെന്ന് ഡോ. കാല്‍വിന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിന്റെ വിശദമായ പ്രബന്ധം ആരോഗ്യ രംഗത്തെ ജേര്‍ണലായ ‘ദി ലാന്‍സെറ്റി’ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

1500-കളില്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പഠനങ്ങളില്‍ മെസെന്ററിയെ പറ്റി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇത് അവയവമാണെന്ന കണ്ടെത്തല്‍ ഉണ്ടാകുന്നത്. ഈ കണ്ടെത്തലിന്റെ ഗുണഫലമായി ശരീരം അധികം കീറിമുറിക്കാതെ ശസ്ത്രക്രിയ നടത്താനും സങ്കീര്‍ണ്ണതയും ചെലവും കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഉദരരോഗങ്ങളെ ഇനി മെസെന്ററിയെ അടിസ്ഥാനമാക്കിയും വര്‍ഗീകരിക്കാനാകുമെന്നും ഡോ. കാല്‍വിന്‍ കോഫി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top