special page

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; കേരളം വൈകീട്ട് പുതുച്ചേരിയെ നേരിടും

സന്തോഷ് ട്രോഫി ടീം നായകന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍

കോഴിക്കോട് : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. പകല്‍ 1.45ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കര്‍ണാടക ആന്ധ്രയെ നേരിടും. വൈകീട്ട് നാലിന് കേരളം പുതുച്ചേരിയെ നേരിടും.

കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും തമിഴ്‌നാട്, സര്‍വിസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമാണ് കളിക്കളത്തിലിറങ്ങുന്നത്.

നാട്ടില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. പി ഉസ്മാന്‍ നയിക്കുന്ന ടീമില്‍ യുവരക്തത്തിനാണ് പ്രാമുഖ്യം. ടീം മികച്ച ഫോമിലാണെങ്കിലും എതിരാളികളെ വിലകുറച്ച് കാണുന്നില്ലെന്ന് കേരള ടീമിന്റെ മുഖ്യപരിശീലകന്‍ വി പി ഷാജി പറഞ്ഞു. ടീം ഗെയിമാണ് ഉദ്ദേശിക്കുന്നത്. യുവതാരങ്ങള്‍ തിളങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഷാജി പറഞ്ഞു.

ആറാം തവണ സന്തോഷ് ട്രോഫിയില്‍ ബൂട്ട് കെട്ടുന്ന സുകുമാരന്റെ നേതൃത്വത്തിലാണ് പുതുച്ചേരി കേരളത്തെ നേരിടാനിറങ്ങുന്നത്. ഡാനിയല്‍ റോക്ക്, ആല്‍ബിന്‍, ബാലാജി എന്നീ പരിചയസമ്പന്നരാണ് ടീമിന്റെ കരുത്ത്. റഫീഖ് , നിധിന്‍, നിസാം, അജ്മല്‍ എന്നീ മലയാളി താരങ്ങളും പുതുച്ചേരി ടീമിലുണ്ട്.

ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണ് നടക്കുക. ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു ടീം ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടും. കാണികള്‍ക്ക് പ്രവേശനം സൌജന്യമാണ്. നാളെ സര്‍വീസസ് തെലങ്കാനയെയും, തമിഴ്‌നാട് ലക്ഷദ്വീപിനെയും നേരിടും.

കേരള ടീം: വി മിഥുന്‍(ഗോള്‍കീപ്പര്‍), എം നജേഷ്, കെ നൌഷാദ്, എസ് ലിജോ, രാഹുല്‍ വി രാജ്, വി കെ ഷിബിന്‍ ലാല്‍, അനന്തു മുരളി, മുഹമ്മദ് പറക്കാട്ടില്‍, ജിഷ്ണു ബാലകൃഷ്ണന്‍, എസ് സിസണ്‍, നെറ്റോ ബെന്നി, അസ്ഹറുദ്ദീന്‍, പി ഉസ്മാന്‍, ജോബി ജെസ്റ്റിന്‍, എല്‍ദോസ് ജോര്‍ജ്, ഫിറോസ്, സഹല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top