നായകന്റെ മഹേന്ദ്ര ജാലങ്ങള്‍ ഇനി ഇല്ല

ധോണി

അനിവാര്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് പടിയിറങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

ധോണി ലോകകിരീടവുമായി

ധോണിയെന്ന ക്യാപ്റ്റന് ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മകളില്‍ പത്തരമാറ്റുള്ള തങ്കത്തിളക്കമാണ്. 2007 ല്‍ പ്രഥമ ട്വന്‌റി20 ലോകകപ്പിലായിരുന്നു ആദ്യമായി ഇന്ത്യയുടെ നായകവേഷം ധോണിയെത്തേടിയെത്തുന്നത്. ലോകകപ്പ് നേടിക്കൊണ്ട് രാജകീയമായിട്ടായിരുന്നു മഹിയുടെ നായകപടയോട്ടം തുടങ്ങുന്നത്. പിന്നീട് നിരവധി അനവധി കിരീടങ്ങള്‍ ആ കരങ്ങളിലൂടെ ഇന്ത്യയിലേക്ക് എത്തി. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഏകദിന ലോകകിരീടം സമ്മാനിച്ചതും മറ്റാരുമായിരുന്നില്ല. 2013 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. അങ്ങനെ മഹേന്ദ്ര ജാലങ്ങള്‍ ഇന്ത്യ ക്രിക്കറ്റിന് അഭിമാനത്തിന്റെ തൂവലുകള്‍ ചാര്‍ത്തിത്തന്നു.

ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനൊപ്പം ധോണി

കളത്തിനകത്ത് തികഞ്ഞ ശാന്തനാണ് ധോണി. ഏത് പ്രതിസന്ധി ഘട്ടത്തിലും ആ നായകമുഖത്ത് ക്ഷോഭങ്ങള്‍ തെളിയില്ല. ഒരു ചെറു പുഞ്ചിരിയോടെ എല്ലാ സാഹചര്യങ്ങളേയും നേരിടും. വിജയവും പരാജയവുമെല്ലാം അങ്ങനെ തന്നെ. വിജയത്തില്‍ അമിതാഹ്ലാദമോ തോല്‍വിയില്‍ അമിത നിരാശയോ ആ നായകനില്‍ കാണാനാകില്ല. അങ്ങനെ എന്നോ ചാര്‍ത്തിക്കിട്ടിയ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോണിയില്‍ ഭദ്രമായി കുടികൊണ്ടു.

നിയന്ത്രിത ഓവര്‍ ക്രിക്കറ്റില്‍ ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ വേറെയില്ല. 191 ഏകദിനങ്ങളില്‍ ടീം ഇന്ത്യയെ നയിച്ച മഹി അതില്‍ 104 ലും വിജയം കരസ്ഥമാക്കി. 72 എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ നാലെണ്ണം ടൈ ആയി. 62 ട്വന്‌റി20 മത്സരങ്ങളില്‍ നയിച്ച ധോണി 36 എണ്ണത്തില്‍ വിജയം കൊയ്തു. 24 എണ്ണത്തില്‍ പരാജയം രുചിച്ചപ്പോള്‍ ഒരെണ്ണം ടൈയായി. 2007 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയിലാണ് ധോണി ഏകദിന ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top