ബംഗ്ലാ കടുവകളെ കൊന്ന് ഇന്ത്യന്‍ പെണ്‍പട; സാഫ് വനിതാ ഫുട്ബോള്‍ കിരീടം ഇന്ത്യക്ക്

ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം

ദില്ലി: സാഫ് വനിതാ ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. കലാശപ്പോരാട്ടത്തില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

ബംഗ്ലാദേശ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണി ഉയര്‍ത്തിയ ഇന്ത്യന്‍ മുന്നേറ്റ നിര 12ആം മിനുറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ഡംഗ്മെയ് ഗ്രേസാണ് പന്ത്രണ്ടാം മിനുറ്റില്‍ ബംഗ്ലേദേശ് ഗോള്‍ വല ചലിപ്പിച്ചത്. എന്നാല്‍ മറുപടി ഗോളിനായി പൊരുതിയ ബംഗ്ലാദേശ് ആദ്യ പകുതിക്ക് മുന്‍പ് തന്നെ സമനില പിടിച്ചു. 40ആം മിനുറ്റില്‍ ഷോപ്‌നയാണ് ബംഗ്ലാദേശിന്റെ സമനില ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഗോളിന് വേണ്ടി ദാഹിക്കുന്ന പെണ്‍പുലികളെയാണ് മൈതാനത്ത് കണ്ടത്. അതിന് ഫലം കാണുകയും ചെയ്തു. അറുപതാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സസ്മിത ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയെല്ലാം ഇന്ത്യന്‍ താരങ്ങള്‍ കളഞ്ഞ് കുളിക്കുകയായിരുന്നു. എന്നാല്‍ 70ആം മിനുറ്റില്‍ ഇന്ദുമതിയുടെ അത്യുഗ്രന്‍ ഗോള്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു. ബംഗ്ലാ ഗോളിയുടെ പിഴവില്‍ നിന്നുമായിരുന്നു ഇന്ദുമതിയുടെ വിജയഗോള്‍.

നേരത്തെ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യ സാഫ് വനിതാ ഫുട്‌ബോളിന്റെ ഫൈനലിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തന്നെയായിരുന്നു നേപ്പാളിനെയും ഇന്ത്യ തകര്‍ത്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top