special page

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരെല്ലിയില്‍ മദ്യലഹരിയില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ പതിനാലുകാരിയായ മകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തുവെന്ന് ബാരെല്ലി എസ്പി സമീര്‍ സുരേഷ് പറഞ്ഞു.

മദ്യലഹരിയിലെത്തിയ പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ബലാത്സംഗശ്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലേക്ക് പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പിതാവ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതു കൊണ്ടാണ് സമീപത്തുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് പിതാവിന്റെ തലയക്കടിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തലയ്‌ക്കേറ്റ മാരക മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് പിതാവ് മരണപ്പെട്ടത്.

പെണ്‍കുട്ടിയുടെ മാതാവ് സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത് പ്രകാരം അയല്‍ക്കാരില്‍ നിന്നും സഹായം തേടാനും ആംബുലന്‍സ് വിളിച്ച് പിതാവിനെ ആശുപത്രിയിലെത്തിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ ആംബുലന്‍സിനു വേണ്ടി വിളിച്ചതില്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുവെങ്കിലും ആരും സഹായത്തിനായെത്തിയില്ല. പിറ്റേന്ന് പുലര്‍ച്ചയോടെ പെണ്‍കുട്ടിയുടെ മാതാവ് എത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കു മരണം സംഭവിച്ചിരുന്നു.

സിറ്റിയിലെ സ്‌കൂളില്‍ 9ആം തരത്തിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സ്വയംരക്ഷയ്ക്കായാണ് പെണ്‍കുട്ടിയ്ക്ക് പിതാവിനെ കൊലപ്പെടുത്തേണ്ടി വന്നതെന്ന കാര്യം എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.പി സൊറാബ് പറഞ്ഞു. പിതാവില്‍ നിന്നും തനിക്ക് മോശമായ അനുഭവം മുന്‍പും ഉണ്ടായിരുന്നതായി അമ്മയോട് സൂചിപ്പിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പല തവണ പിതാവ് തന്നെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീടിന് മുന്‍പിലുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top