സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ ചുമതലയേറ്റു

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ എസ് കേഹര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 44 ആമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കേഹര്‍. ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ സിഖ് കാരനാണ് ജസ്റ്റിസ് കേഹര്‍.


ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമിയായാണ് കേഹര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. സുപ്രീംകോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറായ കേഹറിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാറും രാഷ്ട്രപതിയും അംഗീകാരം നല്‍കിയിരുന്നു. ഈ വര്‍ഷം ആഗസ്ത് നാലുവരെ, എട്ടുമാസക്കാലമാണ് കേഹറിന് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുള്ളത്.


1952 ആഗസ്ത് 28 ന് ജനിച്ച കേഹര്‍ ചണ്ഡീഗഡ് ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബിരുദമെടുത്തു. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി, എല്‍എല്‍എം ബിരുദമെടുത്ത കേഹര്‍, 1979 ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഹിമാചല്‍പ്രദേശ് ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി സേവനം അനുഷ്ഠിച്ച കേഹറിനെ 1992 ല്‍ പഞ്ചാബ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായ കേഹര്‍ 1999ല്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി ജഡ്ജിയായി.
രണ്ടുതവണ പഞ്ചാബ്ഹരിയാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായ കേഹര്‍, ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 സെപ്തംബര്‍ 13 നാണ് കേഹറിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്.

ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ അധ്യക്ഷനാണ് ജസ്റ്റിസ് കേഹര്‍. അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലെ നബാം തൂക്കി സര്‍ക്കാരിനെ പുനഃസ്ഥാപിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ അധ്യക്ഷനും ജസ്റ്റിസ് കേഹറായിരുന്നു.

ജസ്റ്റിസ് വി രാമസ്വാമി, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ എന്നിവരെ ഇംപീച്ച് ചെയ്ത കോടതി നടപടികളിലും ജസ്റ്റിസ് കേഹര്‍ ഭാഗമായിരുന്നു. വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സഹാറകേസ് ആദ്യം കേട്ടിരുന്നത് ജസ്റ്റിസ് കേഹര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. പിന്നീട് കേഹര്‍ ഈ കേസ് കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top