മഞ്ഞക്കടലായി ‘ബാര്‍ക്ക്’ റേറ്റിംഗ്; ഐഎസ്എല്‍ ഫൈനല്‍ ടിവിയിലൂടെ കണ്ടത് നാല് കോടിയിലേറെ പേര്‍

‘മഞ്ഞപ്പട’

കൊച്ചി: ആവേശത്തിന്റെ മഞ്ഞക്കടല്‍ ആര്‍ത്തിരമ്പിയ സായാഹ്നമായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 18-ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ കണ്ടത്. റെക്കോര്‍ഡ് കാണികളാണ് കളി നേരില്‍ കാണാനായി കൊച്ചിയില്‍ എത്തിയത്. കിരീടം നഷ്ടമായെങ്കിലും ആരാധക സ്‌നേഹത്തിന്റെ ചെങ്കോല്‍ ബ്ലാസ്‌റ്റേഴ്‌സിന് തന്നെയെന്ന് മഞ്ഞപ്പട തെളിയിച്ച രാവായിരുന്നു അത്.

സ്റ്റേഡിയത്തിനകത്തെ കാണികള്‍ക്ക് എണ്ണമുണ്ടെങ്കില്‍ അതിന്റെ നൂറിരട്ടി പേരാണ് കേരള ബ്ലാസ്റ്റേഴ്‌സ്-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം ടിവിയില്‍ കണ്ടത്. ബ്രോഡ്കാസ്‌റ്റേഴ്‌സ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി-ബാര്‍ക്ക്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം വന്‍ വര്‍ധനവാണ് ഐഎസ്എല്‍ ഫൈനല്‍ ടെലിവിഷനില്‍ കണ്ട കാണികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 ശതമാനത്തിന്റെ വര്‍ധനവ്. അതായത് നാലുകോടിയിലേറെ പേര്‍.

യൂറോകപ്പ് ഫൈനല്‍, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ലോകകപ്പ് സെമിഫൈനല്‍, ഫിഫ ലോകകപ്പ് ഫൈനല്‍ 2014 എന്നീ മത്സരങ്ങളേയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ 2016 ഫൈനല്‍ മത്സരം ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിയത്. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും ബ്ലാസ്റ്റേഴ്‌സ് ആരാധകരും കളി കണ്ടത് പ്രമുഖ മലയാളം സിനിമ ചാനലിലൂടെയാണ്.

ഐഎസ്എല്‍ സീസണിന്റെ മൊത്തം കാണികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. ബാര്‍ക്ക് കണക്കുകള്‍ പ്രകാരം 20.7 കോടി പേരാണ് കഴിഞ്ഞ സീസണ്‍ ഐഎസ്എല്‍ കണ്ടതെങ്കില്‍ ഈ സീസണില്‍ അത് 21.6 കോടി പേരാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഐഎസ്എല്ലിന് പ്രേക്ഷകര്‍ വര്‍ധിച്ചിട്ടുണ്ട്. ബാര്‍ക്കിന്റെ മറ്റ് കണക്കുകള്‍ ഇപ്രകാരമാണ്: ഈ സീസണ്‍ ടിവിയില്‍ കണ്ടവരില്‍ 10 കോടിയിലധികം പേര്‍ ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. തമിഴ്‌നാട്ടില്‍ ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ 20 ശതമാനമാണ് വര്‍ധനവ്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top