ബംഗലൂരുവിലെ ‘പുതുവല്‍സര അതിക്രമം’: കര്‍ണാടക ആഭ്യന്തരമന്ത്രി രാജിവെച്ച് മാപ്പുപറയണമെന്ന് സ്ത്രീ സംഘടനകള്‍; അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് രാജ്‌നാഥ് സിംഗ്

ബംഗലൂരു: പുതുവര്‍ഷാഘോഷത്തിനിടെ ബംഗലൂരുവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണെന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീ സംഘടനകള്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്നും, മന്ത്രി രാജിവെച്ച് മാപ്പുപറയണമെന്നും സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ടു. പരമേശ്വരയുടെ പ്രസ്താവനയെ ദേശീയ വനിതാ കമ്മീഷനും അപലപിച്ചു. ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായ പരാമര്‍ശം ഖേദകരമാണെന്നും വനിതാകമ്മീഷന്‍ പ്രതികരിച്ചു.

സ്ത്രീകളുടെ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു.


ബംഗലൂരുവിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും, സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.


ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിവാദപരാമര്‍ശം നടത്തിയത്. അക്രമത്തിന് കാരണം സ്ത്രീകള്‍ തന്നെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധാരാളം ആളുകള്‍ വരും. പുതുവത്സരാഘോഷത്തിന് എത്തിയവര്‍ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നത്. അവര്‍ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നും, അതാണ് പ്രശ്‌നത്തിന് കാരണമെന്നുമായിരുന്നു പരമേശ്വര അഭിപ്രായപ്പെട്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാന്‍ കഴിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെയാണ് നഗരത്തില്‍ ലൈംഗികാതിക്രമം നടന്നത്. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി അതിക്രമം നടന്നത്. സ്ത്രീകളുടെ ശരീരത്തില്‍ കയറിപ്പിടിച്ച അക്രമികള്‍ സ്ത്രീകളെ അസഭ്യം പറഞ്ഞതായും പരാതിയുയര്‍ന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top