സിനിമയെ പോലും വെല്ലുന്ന സംഘട്ടനം; പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്മാരെ ബൈക്കില്‍ നിന്നും വലിച്ചിട്ട് കൈകാര്യം ചെയ്ത് കൃഷ്ണ പൂനിയ

കൃഷ്ണ പൂനിയ

ജയ്പൂര്‍: പുതുവര്‍ഷത്തില്‍ ദിനത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ച പൂവാലന്‍മാരെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം.

ബൈക്കിലെത്തിയ പെണ്‍കുട്ടികളെ ശല്യം ചെയ്ത മൂന്ന് യുവാക്കളെയാണ് കൃഷ്ണ പൂനിയ കൈകാര്യം ചെയ്തത്. ഹരിയാന അതിര്‍ത്തിക്ക് സമീപമുള്ള രാജ്ഗറിലൂടെ കാറില്‍ പോകുന്നതിനിടെയാണ് റെയില്‍വേ ക്രോസിങ്ങിന് സമീപം ഭയന്നിരിക്കുന്ന രണ്ട് പെണ്‍കുട്ടികളെ പൂനിയ കണ്ടത്. ഉടന്‍ തന്നെ പൂനിയ കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടികളോട് കാര്യം അന്വേഷിച്ചു.

എന്നാല്‍ പൂനിയയെ കണ്ടപ്പോള്‍ തന്നെ യുവാക്കള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്ക് 50 മീറ്റര്‍ പിന്നിടും മുന്‍പ് തന്നെ യുവാക്കളിലൊരാളെ താരം വലിച്ച് താഴെയിട്ടു. യുവാക്കളെ കൈകാര്യം ചെയ്യുന്ന പൂനിയയെ കാണാന്‍ ജനങ്ങള്‍ തടിച്ച് കൂടിയിരുന്നു.

പിന്നീട് നാട്ടുകാരാണ് യുവാവിനെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പൂനിയയും സ്റ്റേഷനിലെത്തിയിരുന്നു. 2010ല്‍ ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൃഷ്ണ പൂനിയ സ്വര്‍ണം നേടിയിട്ടുണ്ട്. കൂടാതെ ബീജിംഗ് ഒളിമ്പിക്‌സിലും ലണ്ടന്‍ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top