കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ സൈന്യം വധിച്ചു


ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൂടുതല്‍ തീവ്രവാദികള്‍ക്കായി സൈന്യം സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പതിനാറുവയസ്സുകാരനായ തന്‍വീറെന്ന ബാലന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായുണ്ടാവുന്ന വെടിവെപ്പ് മൂലം പ്രദേശവാസികള്‍ എല്ലാം ഭീതിയിലാണ്. നിരവധി പേര്‍ ഇവിടം ഉപേക്ഷിച്ച് പോവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നും നാലും ബോംബുകളാണ് ഒരേസമയംവീഴുന്നത്. ഇത് ഞങ്ങളെ ഭയപ്പെടുത്തുന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികളിലൊരാളായ സുനില്‍ കുമാര്‍ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഞായറാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി.

സെപ്റ്റംബര്‍ 29ന് ശേഷം പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം 300ലേറെ തവണയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്. 14 സൈനികര്‍ ഉള്‍പ്പടെ 27 പേര്‍ക്കാണ് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top